തിരുവനന്തപുരം
ആഗസ്റ്റ് വരുമ്പോഴും മലയാളിയുടെ ഉള്ളിലുള്ള ആധി പ്രളയം ഉണ്ടാകുമോയെന്നാണ് 2018 ലും 19 ലും സംസ്ഥാനത്ത് പ്രളയമെത്തിയത് ആഗസ്റ്റ് മാസത്തിലായിരുന്നു.
കേരളം സമാനതകളില്ലാത്ത പ്രളയത്തിന് സാക്ഷ്യം വഹിച്ചത് 2018 ആഗസ്റ്റ് 16 മുതലാണ്. 2019 ആഗസ്റ്റ് എട്ടിന് വീണ്ടും കേരളത്തെ പ്രളയത്തില്‍ മുക്കി.
പിന്നീട് ഒരോ മണ്‍സൂണിലും ഭീതിയോടെയുള്ള കാത്തിരിപ്പാണ് ആഗസ്റ്റ് കടന്നുകിട്ടാൻ. വയനാടിന്റെ നെഞ്ചുപിളർത്തി ഈ ജൂലൈ കടന്നുപോയെങ്കിലും പ്രളയമെന്ന ആശങ്ക ആഗസ്റ്റില്‍ പതിവ് പോലെ നില്‍ക്കുന്നുവെന്നാണ് വരാനുള്ള മഴദിനങ്ങള്‍ സൂചിപ്പിക്കുന്നത്.
കേരളം ആഗസ്റ്റ് മാസത്തില്‍ കരുതിയിരിക്കേണ്ട മഴദിനങ്ങളെ കുറിച്ച് ഒരു സൂചന നല്‍കുകയാണ് കാലാവസ്ഥ നിരീക്ഷകനും പ്രവാസി എഴുത്തുകാരനുമായ പോള്‍ സെബാസ്റ്റ്യൻ. 2017 ല്‍ ഓഖിയിലും 2018ലെയും 19ലെയും പ്രളയത്തിന് മുന്നെയും കൃത്യമായ നിരീക്ഷണങ്ങള്‍ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് യു.എ.ഇയില്‍ താമസിക്കുന്ന ഇരിഞ്ഞാലക്കുടക്കാരൻ പോള്‍ സെബാസ്റ്റ്യൻ.
ആഗസ്റ്റ് ഒമ്ബത് മുതല്‍ 14 വരെയാണ് കൂടുതല്‍ കരുതല്‍വേണ്ട ദിനങ്ങളെന്ന് അദ്ദേഹം പറയുന്നു. തുടർന്ന് 24 മുതല്‍ 29 വരെ ദിവസങ്ങളാണ് അടുത്തഘട്ടം.
ലാനിനോ സാധ്യത നില നില്ക്കുന്നതിനാല് സെപ്റ്റംബറിലും ഒരുപക്ഷേ കരുതല്‍ വേണ്ടിവരുമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
ഡാമുകളില്‍ നിന്ന് വെള്ളം തുറന്ന് വിട്ടിട്ടും അവ കടലിലേക്ക് വേണ്ടത്ര വേഗത്തില്‍ എടുക്കാതെ വീടുകളും റോഡുകളും നിറയുന്ന അവസ്ഥ വരാൻ സാധ്യയുള്ളതിനാല് ആഗസ്റ്റ് ഒൻപതിന് മുൻപ് തുറന്ന് വിട്ട് നിയന്ത്രിച്ച് നിർത്തണമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. വൈദ്യതു ഉല്പാദിപ്പിക്കുന്ന ഡാമുകള്‍ ഈയാഴ്ച ഉല്പാദന ക്ഷമത കൂട്ടുന്നതും നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.