Fri. Sep 13th, 2024

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മേപ്പാടിയില്‍ ഓരോ വര്‍ഷവും ഉയരുന്നത് 400ല്‍ അധികം കെട്ടിടങ്ങള്‍; കൂടുതലും അനധികൃതം

By admin Aug 3, 2024 #news
Keralanewz.com

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മേപ്പാടി പഞ്ചായത്തില്‍ വർഷംതോറും നിർമാണപ്രവർത്തനങ്ങള്‍ വർദ്ധിക്കുന്നുവെന്ന് വ്യക്തമാക്കി സർക്കാർ രേഖകള്‍.
ടൂറിസം മേഖലയിലാണ് കൂടുതല്‍ നിർമിതികളും നടക്കുന്നത്.

തദ്ദേശ സ്ഥാപനത്തില്‍ രജിസ്റ്റർ ചെയ്ത പാർപ്പിട, പാർപ്പിടേതര നിർമാണങ്ങളില്‍ 380ലധികം കെട്ടിടങ്ങള്‍ പഞ്ചായത്ത് പരിധിയില്‍ ഓരോ വർഷവും ഉയർന്നുവരുന്നുവെന്ന് സർക്കാർ കണക്കുകള്‍ വ്യക്തമാക്കുന്നു. 2021-22 കാലയളവില്‍ 431 പുതിയ കെട്ടിടങ്ങളാണ് പഞ്ചായത്തില്‍ ഉയർന്നത്. 2016-17 കാലത്ത് ഇത് 385 ആയിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പട്ടിക പ്രകാരം മേപ്പാടി പഞ്ചായത്തില്‍ 44 അനധികൃത റിസോർട്ടുകളുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി നൗഷാദലി പറഞ്ഞു. ‘പഞ്ചായത്തിന്റെ പരിധിയിലുള്ള മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപാണ് ഞങ്ങള്‍ക്ക് പട്ടിക ലഭിച്ചത്. മുണ്ടക്കൈയിലും നിരവധി റിസോർട്ടുകളുടെ നിർമാണം നടന്നുവരികയായിരുന്നു. റിസോർട്ട് ഉടമകളില്‍ നിന്ന് പഞ്ചായത്തിന് ഭീഷണികള്‍ ഉണ്ടാകാറുണ്ട്.

തിങ്കളാഴ്‌ച ടൂറിസ്റ്റുകളുമായെത്തിയ വാഹനത്തെ കനത്ത മഴ ചൂണ്ടിക്കാട്ടി തിരികെ അയച്ചിരുന്നു. മുണ്ടക്കൈയിലെ അനധികൃത റിസോർട്ടില്‍ പതിനായിരം രൂപയ്ക്കാണ് ഇവർക്ക് മുറി ബുക്ക് ചെയ്തിരുന്നത്. മുണ്ടക്കൈയില്‍ മുൻപ് വന്യമൃഗങ്ങളും മറ്റും ചുറ്റിത്തിരിയാറുണ്ടായിരുന്നു. എന്നാല്‍ റിസോർട്ടുകാർ പടക്കമെറിഞ്ഞും റബ്ബർ ബുള്ളറ്റുകള്‍ ഉപയോഗിച്ചും അവരെ തുരത്തിയോടിച്ചു’- നൗഷാദലി വ്യക്തമാക്കി.

ടൂറിസ്റ്റ് ഹോമുകള്‍, ഡോർമിറ്ററികള്‍ മുതലായവ ഉള്‍പ്പെടുന്ന എ2 വിഭാഗത്തില്‍ നിരവധി കെട്ടിടങ്ങള്‍ വരുന്നതിനാല്‍ മേപ്പാടിയില്‍ റിസോർട്ടുകളുടെ നിർമ്മാണത്തില്‍ കുതിച്ചുചാട്ടമുണ്ടായെന്നും നൗഷാദലി പറയുന്നു.

‘എ2 വിഭാഗത്തില്‍ പാർപ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ പണിയാൻ നാല് മാസത്തിനിടെ 30 അപേക്ഷകളാണ് എനിക്ക് ലഭിച്ചത്. ഇവയെല്ലാം 1500 ചതുരശ്ര അടിക്ക് മുകളിലുള്ളവയാണ്. 1500 ചതുരശ്ര അടിക്ക് താഴെയുള്ള നിരവധി കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ടായിരുന്നു’- പഞ്ചായത്ത് സെക്രട്ടറി വെളിപ്പെടുത്തി.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിവരങ്ങള്‍ അനുസരിച്ച്‌ വെള്ളാർമല വില്ലേജിന് കീഴിലുള്ള സ്ഥലങ്ങള്‍ ഉയർന്ന ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. പുത്തുമല, മുണ്ടക്കൈ, വെള്ളാർമല വനമേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലാണെന്ന് വകുപ്പ് വ്യക്തമാക്കുന്നു.

വയനാട്ടിലെ ഒട്ടുമിക്ക കെട്ടിടങ്ങളും ഉള്‍പ്പെടുന്നത് കല്‍പ്പറ്റ ബ്ലോക്കിലാണ്. രേഖകള്‍ പ്രകാരം 2021-22 സാമ്ബത്തിക വർഷത്തില്‍ കല്‍പ്പറ്റ ബ്ലോക്കില്‍ 3,662 പുതിയ കെട്ടിടങ്ങള്‍ നിർമ്മിക്കപ്പെട്ടു. മേപ്പാടി, വൈത്തിരി പഞ്ചായത്തുകള്‍ ഈ ബ്ലോക്കിലാണ് ഉള്‍പ്പെടുന്നത്. ഓരോ വർഷവും 12,000ലധികം പുതിയ കെട്ടിടങ്ങളാണ് ജില്ലയില്‍ ഉയരുന്നത്. ഇവയില്‍ മിക്കതും പാർപ്പിടങ്ങളാണ്.

പഠനമനുസരിച്ച്‌, 1950കള്‍ വരെ വയനാടിന്റെ 85 ശതമാനവും വനമേഖലയിലായിരുന്നു. എന്നാല്‍ വനനശീകരണം മൂലം 2018 ആയപ്പോഴേക്കും വനത്തിന്റെ 62 ശതമാനം അപ്രത്യക്ഷമായി. ഇത് ജില്ലയെ വ്യാപകമായ ഉരുള്‍പൊട്ടല്‍ ഭീഷണികള്‍ക്ക് വിധേയമാക്കി. ഇക്കാലയളവില്‍ തോട്ടങ്ങളുടെ വിസ്തൃതി വർദ്ധിച്ച വയനാട്ടിലെ വനനശീകരണത്തിന് സർക്കാർ നയം കാരണമായെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Facebook Comments Box

By admin

Related Post