പാലാ: ഇന്ന് നടന്ന മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതാക്കളായ പി.ജെ.ജോസഫും, നാട്ടകം സുരേഷും തങ്ങളുടെ പാർട്ടി അംഗങ്ങളായ പഞ്ചായത്ത് മെമ്പർമാർക്ക് നൽകിയിരുന്ന വിപ്പി്ന് പുല്ലുവിലകൽപ്പിച്ച് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് സഹായാത്രികനായ ചാർലി ഐസക്കിനെ
യു.ഡി.എഫ് അംഗങ്ങൾ ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയായിരുന്നു
ഒന്നാം വാർഡ് അംഗം ഷാൻ്റി മോൾ സാമിനെ പ്രസിഡണ്ടാക്കുവാനായിരുന്നു കോൺഗ്രസ് മണ്ഡലം കമ്മറ്റിയിൽ ധാരണയായിരുന്നത്. ഇത് പ്രകാരം അംഗങ്ങൾക്ക് വിപ്പ് നൽകുകയും ചെയ്തിരുന്നു. നാടകീയമായ നീക്കങ്ങൾക്കൊടുവിൽ അപ്രതീക്ഷിതമായി ചാർലി ഐസക്കിന്റെ പേര് നിർദ്ദേശിക്കുവാൻ ചിലർ അംഗങ്ങളെ നിർബന്ധിക്കുകയായിരുന്നു എന്നാണ് വിവരം. കോട്ടയം ജില്ലയിലെ ജോസഫ് വിഭാഗത്തിലെ ഉന്നതനായ എംഎൽഎ യാണ് ഇതിന് കരുനീക്കങ്ങൾ നടത്തിയെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. മണ്ഡലം പ്രസിഡന്റിന്റെ തൻ പ്രമാണിത്തവും ജില്ലയിലെ ഒരു പ്രമുഖ നേതാവിനോടുള്ള അമിത വിധേയത്വവും മണ്ഡലത്തിലെ യുഡിഎഫിനെ തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണെന്ന് അവർ പറയുന്നു. ഇതാണ് പാർട്ടിയും മുന്നണിയും നിശ്ചയിച്ച സ്ഥാനാർത്ഥിയെ മാറ്റി മാണി ഗ്രൂപ്പ് സഹയാത്രികനെ പ്രസിഡൻറ് ആക്കുവാനുള്ള കാരണം . യുഡിഎഫ് നിശ്ചയിച്ച പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന
ഷാൻ്റിമോളും വിപ്പ് പാലിച്ചില്ല എന്നതാണ് ഏറ്റവും രസകരം.
അഴിമതി ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിന്റെ PL ജോസഫ് രാജി വച്ചതിനെ തുടർന്നാണ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. PLജോസഫിനെ സമ്മർദ്ദം ചെലുത്തി രാജിവെപ്പിച്ചത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കർശന നിലപാടുകൾ മൂലം ആയിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്ത് അംഗങ്ങളും യുഡിഎഫ് നേതൃത്വവും തമ്മിൽ കടുത്ത ഭിന്നതയിലായിരുന്നു താനും.
യു.ഡി.എഫ് അംഗങ്ങൾ പിന്തുണച്ച ചാർളി ഐസക്കിനെ എൽ.ഡി.എഫ് എതിർത്തതുമില്ല. തുടർന്ന് ചാർളി ഐസക് എതിരില്ലാതെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഇതോടെ യുഡിഫിന്റെ പ്രാദേശിക നേതൃത്വവും പഞ്ചായത്ത് അംഗങ്ങളും രണ്ട് ചേരിയിലാവുകയാണ്.
വിവാദങ്ങളുടെയും ക്രമക്കേടുകളുടേയും നടുവിലാണ് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ഉണ്ടായിരിക്കുന്നത്.
വിപ്പ് ലംഘിച്ചവർക്കെതിരെ യു.ഡി.എഫ് എന്ത് നടപടി സ്വീകരിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് മൂന്നിലവിലെ ജനങ്ങൾ.
Facebook Comments Box