Fri. Oct 4th, 2024

എൻസിപി യിൽ ഭിന്നത രൂക്ഷം. നേതൃയോഗത്തില്‍ വാക്കേറ്റവും കുറ്റപ്പെടുത്തലുമായി പി.സി ചാക്കോയും രാജനും, യോഗം പിരിച്ചുവിട്ടു.

By admin Sep 8, 2024 #CPIM #ncp #PC Chacko
Keralanewz.com

തിരുവനന്തപുരം: മന്ത്രിസ്ഥാനമാറ്റത്തില്‍ തീരുമാനമാകാതെ എന്‍സിപി നേതൃയോഗം അടിച്ചു പിരിഞ്ഞു.. സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ ഓണ്‍ലൈനായി വിളിച്ചു ചേർത്ത നേതൃയോഗമാണ് വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് തീരുമാനമെടുക്കാനാകാതെ പിരിഞ്ഞത്.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പി സി ചാക്കോയും ജനറല്‍ സെക്രട്ടറി കെ ആര്‍ രാജനും തമ്മിലായിരുന്നു രൂക്ഷമായ വാക്കേറ്റം നടന്നത്. ശശീന്ദ്രന്‍ പക്ഷക്കാരനാണ് കെ ആര്‍ രാജന്‍. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ ചാക്കോ മാന്യതയില്ലാത്ത നീക്കങ്ങള്‍ നടത്തിയെന്ന് രാജന്‍ ആരോപിച്ചു. ഗാന്ധിയനായിട്ടും രാജന് സങ്കുചിത നിലപാടെന്ന് ചാക്കോയും തിരിച്ചടിച്ചു.

ആരാണ് സങ്കുചിതമായി പെരുമാറുന്നതെന്ന് പാര്‍ട്ടിക്കാര്‍ക്ക് ബോധ്യമുണ്ടെന്ന് കെ ആര്‍ രാജനും കൂട്ടിച്ചേര്‍ത്തു. തര്‍ക്കം വ്യക്തിപരമായ തലത്തിലേക്ക് കടന്നതോടെ ചാക്കോ യോഗം അവസാനിപ്പിക്കുകയായിരുന്നു. മന്ത്രിസ്ഥാനം രാജിവെക്കുന്ന കാര്യം ശശീന്ദ്രന്‍ സ്വയം തീരുമാനിക്കട്ടെ എന്നായിരുന്നു പിസി ചാക്കോയുടെ നിലപാട്.

അതേസമയം മന്ത്രിസ്ഥാനത്തെ സംബന്ധിച്ച്‌ തോമസ് കെ തോമസ് മുഖ്യമന്ത്രിയെ കണ്ടു. ഇന്നലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിസ്ഥാനം ലഭിക്കാന്‍ ഇടപെടണമെന്ന് തോമസ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. എന്‍സിപി കത്ത് നല്‍കിയാല്‍ പരിഗണിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തോമസ് കെ തോമസ് മുഖ്യമന്ത്രിയെ കണ്ടതും പിസി ചാക്കോ നേതൃയോഗത്തില്‍ അറിയിച്ചു.

മന്ത്രിമാറ്റ ചര്‍ച്ചകള്‍ക്കിടെ എ കെ ശശീന്ദ്രനെതിരെ തോമസ് കെ തോമസ് നേരത്തെ രംഗത്ത് വന്നിരുന്നു. ശശീന്ദ്രന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് പറയുന്നതിലൂടെ സ്വാര്‍ത്ഥതയാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത ആളാണ്. അവര്‍ക്കുവേണ്ടി നിലനിൽക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത് .

ഹേമ കമ്മീഷൻ റിപ്പോർട്ടും, പിവി അൻവറിൻ്റെ വെളിപ്പെടുത്തലും കാരണം രൂക്ഷമായ പ്രശ്നങ്ങളിൽ പെട്ടിരിക്കുന്ന സർക്കാരിന് കുനിൻമേൽ കുരുവായി മാറിയിരിക്കുകയാണ് എൻ സി പി ലെ തർക്കം.

Facebook Comments Box

By admin

Related Post