തിരുവനന്തപുരം:ഇന്ത്യയിലെ യുവാക്കള്‍ വലിയ പ്രതീക്ഷയോടെ വിവിധ രാജ്യങ്ങളിലേക്കാണ് കുടിയേറുന്നത്. നമ്മുടെ രാജ്യത്ത് ലഭിക്കാവുന്നതിലുമേറെ സൗഭാഗ്യങ്ങള്‍ സ്വപ്നം കണ്ട് വിദ്യാർത്ഥികളും യുവാക്കളും കുടിയേറുന്ന രാജ്യങ്ങള്‍ അമേരിക്കയും കാനഡയും ഓസ്ട്രേലിയയും സ്വീഡനും ജർമ്മനിയും യുകെയുമൊക്കെയാണ്.
എന്നാല്‍, ഈ രാജ്യങ്ങളില്‍ പലതും നാം പ്രതീക്ഷിക്കുന്നത് പോലെ മെച്ചപ്പെട്ട ജീവിതങ്ങള്‍ ഇനി നല്‍കുമെന്ന് പ്രതീക്ഷിക്കരുത്. കാരണം ഇവിടങ്ങളിലെ കുടിയേറ്റ നിയമങ്ങള്‍ കർശനമാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
കാനഡ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍ പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിക്കഴിഞ്ഞു. ഓസ്ട്രേലിയയും സ്വീഡനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുടിയേറ്റ നിയമങ്ങള്‍ കർശനമാക്കുന്നതോടെ വിദേശജീവിതം സ്വപ്നം കാണുന്ന നല്ലൊരു ശതമാനം ചെറുപ്പക്കാർക്കും തിരിച്ചടി നേരിടും.
കാനഡയിവലെ പെർമനന്റ് റെസിഡൻസി (പിആർ) നോമിനേഷനുകളും സ്റ്റഡി പെർമിറ്റുകളും നിയന്ത്രിക്കാനുള്ള ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ തീരുമാനം പൂർണമായും നടപ്പാകുന്നതോടെ ഇന്ത്യക്കാരടക്കമുള്ള ഒരു ലക്ഷത്തോളം വിദ്യാർത്ഥികള്‍ക്ക് കാനഡ വിടേണ്ടി വരും എന്നാണ് റിപ്പോർട്ട്. 2023ലെ കണക്കുകള്‍ പ്രകാരം കനേഡിയൻ വിസ ലഭിച്ചവരില്‍ 37 ശതമാനം പേരും അന്താരാഷ്ട്ര വിദ്യാർത്ഥികളാണ്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കാനഡയിലെ ഭവന, ആരോഗ്യ മേഖലകള്‍ ഉള്‍പ്പെടെ വിവിധ മേഖലയില്‍ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. ഇതിന്റെ ഫലമായി അടുത്ത രണ്ട് വർഷത്തേയ്ക്ക് കനേഡിയൻ സർക്കാർ അന്താരാഷ്ട്ര വിദ്യാർത്ഥി പെർമിറ്റ് അപേക്ഷകള്‍ക്ക് പരിധി ഏർപ്പെടുത്തിയിരിക്കുകയാണ്. പിആർ നോമിനേഷനുകളില്‍ 25 ശതമാനം കുറവാണ് കാനഡ നടപ്പാക്കിയിരിക്കുന്നത്.
ഓസ്ട്രേലിയയും കുടിയേറ്റ നിയമങ്ങള്‍ കർശനമാക്കുകയാണ്. അന്താരാഷ്‌ട്ര വിദ്യാർത്ഥികള്‍ക്കുള്ള സ്റ്റുഡന്റ് വിസ ഫീസ് അപ്രതീക്ഷിതമായി വർധിപ്പിച്ചാണ് ഓസ്ട്രേലിയ കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്തുന്നത്. 710 ഓസ്‌ട്രേലിയൻ ഡോളറില്‍ നിന്ന് 1,600 ഓസ്‌ട്രേലിയൻ ഡോളറാക്കിയാണ് വീസ ഫീസ് ഉയർത്തിയത്. അതായത്, മുമ്ബ് (39,407 രൂപയായിരുന്നു ഓസ്ട്രേലിയയില്‍ വീസ ഫീസ് എങ്കില്‍ നിലവില്‍ 88,803 രൂപയാണ് നല്‍കേണ്ടി വരിക. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
2022 അവസാനത്തോടെ 50,000 ത്തോളം ഇന്ത്യക്കാർ സാന്നിധ്യമറിയിച്ച രാജ്യമായിരുന്നു സ്വീഡൻ. എന്നാല്‍ ഈ വർഷത്തെ കണക്ക് അത്ര ശുഭകരമല്ല. 2024 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ഈ വർഷത്തെ ആദ്യ പാതിയില്‍ 2837 ഇന്ത്യക്കാർ സ്വീഡൻ വിട്ടു. മുൻവർഷത്തെക്കാള്‍ ഇത് 171 ശതമാനത്തോളമാണ്. 1998 ന് ശേഷമുള്ള ആദ്യ നെഗറ്റീവ് കുടിയേറ്റമാണ് സ്വീഡൻ ഇപ്പോള്‍ അനുഭവിക്കുന്നത്. ഇന്ത്യക്കാരാണ് രാജ്യം വിടുന്നവരില്‍ അധികവും. കുടിയേറ്റക്കാർ രാജ്യം വിട്ടുപോകാൻ പണം നല്‍കുന്ന പദ്ധതിയും ഇവിടെ നടപ്പാക്കുന്നു.
ഫലത്തില്‍ വിദേശ രാജ്യങ്ങളിലെ മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് കാത്തിരിക്കുന്നവർക്ക് വലിയ മത്സരം തന്നെ നേരിടേണ്ടി വരും. ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും മാത്രമാണ് നിലവില്‍ ഇന്ത്യൻ യുവത്വത്തിന് പ്രതീക്ഷ നല്‍കുന്നത്.