പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിൻവലിക്കും, ചേലക്കരയില്‍ എൻ കെ സുധീര്‍ തുടരും; പി വി അൻവര്‍
പാലക്കാട്: പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് നിലമ്ബൂർ എംഎല്‍എ പി വി അൻവർ. തീരുമാനം പാലക്കാട് കണ്‍വൻഷനില്‍ പ്രഖ്യാപിക്കും.
എന്നാല്‍ ചേലക്കരയില്‍ എൻ കെ സുധീർ സ്ഥാനാർത്ഥിയായി തുടരും. സ്ഥാനാർത്ഥികളെ നിർത്തിയതിൻ്റെ പേരില്‍ പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചെന്നും എത്ര അപമാനിച്ചാലും പാലക്കാട് ബിജെപി ജയിച്ച് കയറാതിരിക്കാൻ എന്ത് വിട്ടുവീഴ്ച്ചയും ചെയ്യുമെന്നും പി വി അൻവർ പാലക്കാട് പറഞ്ഞു.
അതേസമയം പി.വി അൻവർ എംഎല്‍എയെയും സ്ഥാനാർഥിയെയും ദേശമംഗലത്തെ പള്ളം മുസ്‍ലിം ലീഗ് ഓഫിസില്‍ സ്വീകരിച്ചതിനെച്ചൊല്ലി വിവാദം. തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ചേലക്കരയില്‍ ഡിഎംകെ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി എൻ.കെ സുധീറിനൊപ്പമാണ് അൻവർ എത്തിയത്.
അൻവറിനെയും സ്ഥാനാർഥിയെയും സ്വീകരിച്ചിരുത്തിയ ലീഗ് ഭാരവാഹികള്‍ മണ്ഡലത്തിലെ പ്രശ്നങ്ങള്‍ ചർച്ചചെയ്യുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ദേശമംഗലം പഞ്ചായത്ത് കമ്മിറ്റിയോട് മുസ്‍ലിം ലീഗ് തൃശൂർ ജില്ലാ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം, കാണിച്ചത് ആതിഥേയ മര്യാദ മാത്രമെന്ന് മുസ്‍ലിം ലീഗ് നേതാവ് സലിം കോയ മീഡിയവണിനോട് പറഞ്ഞു. മുസ്ലിം ലീഗിലും യുഡിഎഫിലും ഉറച്ചുനില്‍ക്കും. പാർട്ടിയുമായി ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമാക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശമുള്ളവരാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അമീറും വ്യക്തമാക്കി