Wed. Nov 6th, 2024

തന്നെ യോഗത്തിലേക്ക് ക്ഷണിച്ചത് കളക്ടർ ; അനൗദ്യോഗികമായി വിളിച്ച്‌ യോഗത്തിന് വരില്ലേയെന്നും ചോദിച്ചു; കോടതിയിൽ ദിവ്യ.

By admin Oct 24, 2024 #news
Keralanewz.com

കൊച്ചി:താന്‍ ഉത്തരവാദിത്വങ്ങള്‍ ഉള്ള പൊതുപ്രവര്‍ത്തകയാണെന്നും അഴിമതിക്കെതിരേയുള്ള സന്ദേശം എന്ന നിലയിലാണ് പ്രസംഗിച്ചതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പി.പി.ദിവ്യയുടെ അഭിഭാഷകന്‍. തന്നെ യോഗത്തിലേക്ക് ക്ഷണിച്ചത് കളക്ടറാണെന്നും അനൗദ്യോഗികമായി അദ്ദേഹം യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തില്‍ പറഞ്ഞു.

തന്റെ പ്രസംഗത്തില്‍ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്ന ഒരു വാക്കുകള്‍ പോലൂം ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കോടതിയില്‍ ദിവ്യയുടെ പ്രസംഗം വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ കളക്ടര്‍ അനൗദ്യോഗികമായി ക്ഷണിച്ചു. യാത്രയയപ്പിലേക്ക് വരില്ലേയെന്ന് ചോദിച്ചു. ഇതിന് വരുമെന്ന് ഫോണില്‍ വിളിച്ച്‌ അറിയിക്കുകയും ചെയ്തു. തന്നെ സംസാരിക്കാന്‍ ക്ഷണിച്ചത് ഡപ്യൂട്ടി കളക്ടറാണെന്നും സംസാരിച്ചത് അഴിമതിക്കെതിരേയായിരുന്നുന്നെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.

എഡിഎം പ്രശ്‌നക്കാരനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. ദിവ്യയുടെ പ്രസംഗം അഭിഭാഷകര്‍ കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. അഴിമതിക്കെതിരേ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് പ്രസംഗിച്ചത്. പമ്ബിനായുള്ള സ്ഥലം സന്ദര്‍ശിക്കണമെന്ന് പറഞ്ഞു. കണ്ണൂരിലെ പോലെയാകരുത് ഇനിയെന്നു പറഞ്ഞു. അഴിമതി നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തത്. കൂടുതല്‍ നന്നാകണമെന്ന് മാത്രമാണ് ഉദ്ദേശിച്ചത്്. അതില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന വാക്കുകള്‍ ഏതാണെന്ന് ദിവ്യയുടെ അഭിഭാഷകര്‍ ചോദിച്ചു. പ്രസംഗത്തില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന വാക്കുകള്‍ ഇല്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എഡിഎം പോകുന്ന ദിവസമാണ് എന്‍ഒസി കിട്ടിയ വിവരം ദിവ്യ അറിഞ്ഞതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും അവര്‍ വാദിച്ചു.

ദിവ്യ അഴിമതിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ കിട്ടിയ പൊതുപ്രവര്‍ത്തകയാണെന്നും അഴിമതിക്കാര്‍ക്ക് എതിരേ ശക്തമായ നിലപാട് കൈക്കൊള്ളാറുള്ള സാധാരണക്കാര്‍ക്ക് വരെ സമീപിക്കാവുന്ന നേതാവാണ് പി.പി. ദിവ്യയെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവെച്ചു. അതില്‍ പലതും കെട്ടുകഥകളാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയത്. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരേ ജനങ്ങള്‍ പരാതി പറയാറുണ്ടായിരുന്നു. അഴിമതിക്കെതിരേ ഇടപെടേണ്ടത് പൊതുപ്രവര്‍ത്തകരുടെ ഉത്തരവാദിത്വമാണെന്നും പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും തെറ്റായ പ്രവണതയുണ്ട്.

അഴിമതിക്കെതിരായ സന്ദേശം എന്ന നിലയിലാണ് പരസ്യപ്രതികരണം നടത്തിയത്. എഡിഎമ്മിനെതിരേ രണ്ടു പരാതികള്‍ കിട്ടി. ഭൂമി പ്രശ്‌നത്തില്‍ ഗംഗാധരന്‍ പരാതി നല്‍കി. പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോ? ഉദ്യോഗസ്ഥര്‍ അഴിമതിക്കാര്‍ ആയിരിക്കരുതെന്നതാണ് ജനങ്ങളുടെ ആവശ്യം. പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും പ്രത്യേക അജണ്ഡയുണ്ടെന്നും ദിവ്യയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കുറ്റം ചുമത്താന്‍ രാഷ്ട്രീയ സ്മ്മര്‍ദ്ദം കാരണമാകരുതെന്നും ചോദ്യം ചെയ്യലിന്റെ സിസിടിവി തെളിവുകളുണ്ട്. പ്രശാന്തിന്റെ മൊഴിയെടുത്തിട്ടുണ്ടെന്നും ദിവ്യ മാധ്യമവേട്ടയുടെ ഇരയാണെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. തലശ്ശേരി കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.

Facebook Comments Box

By admin

Related Post