ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്, ഇന്ത്യ സഖ്യ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കും.
ഉപാധികളൊന്നുമില്ലാതെയാണ് പിന്തുണ നൽകുക. യുപിയിലെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് യുപിയിലെ ഒന്‍പത് സീറ്റുകളിൽ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
എല്ലാ സ്ഥാനാര്‍ത്ഥികളും എസ്പിയുടെ സൈക്കിള്‍ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. അതേസമയം എസ്പിയുടെ ചിഹ്നത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ഒരുസീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നത്.
കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. മറ്റ് പാര്‍ട്ടികളുടെ ചിഹ്നം ഉപയോഗിച്ച് ഒരു കോണ്‍ഗ്രസുകാരനും മത്സരിക്കില്ല. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളെ ഉപാധികളൊന്നും ഇല്ലാതെയാണ് പിന്തുണയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ പറഞ്ഞു.
അതേസമയം മൂന്ന് സീറ്റ് വരെ കോണ്‍ഗ്രസിന് നല്‍കാന്‍ തയ്യാറാണെന്ന് നേരത്തെ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. എന്നാല്‍ മറ്റൊരു ചിഹ്നത്തില്‍ മത്സരിച്ചാല്‍ അതോടെ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തന്നെ നഷ്ടപ്പെടുമെന്നും എസ്പി ,ചിഹ്നത്തില്‍ മത്സരിച്ചാല്‍ കൂടുതല്‍ നേട്ടമാകുമെന്നാണ് അഖിലേഷ് വിലയിരുത്തുന്നത്. പക്ഷേ കടുത്ത മത്സരം തന്നെ ഉപതിരഞ്ഞെടുപ്പിനുള്ള സീറ്റുകളില്‍ ഉണ്ട്.
എത്ര സീറ്റില്‍ മത്സരിക്കുന്നു എന്നതല്ല, വിജയസാധ്യതയാണ് പ്രധാന കാരണം. ജയം ഉറപ്പിക്കാനായി ഇന്ത്യ സഖ്യത്തിന്റെ 9 സ്ഥാാനാര്‍ത്ഥികളും എസ്പിയുടെ ചിഹ്നത്തില്‍ മത്സരിക്കുമെന്നും അഖിലേഷ് യാദവ് അറിയിച്ചിരുന്നു.അതേസമയം വോട്ടുകള്‍ ഭിന്നിച്ച് പോകില്ലെന്നും അഖിലേഷ് പറയുന്നു. സഖ്യത്തില്‍ പ്രശ്‌നങ്ങളില്ലെന്നും അഖിലേഷ് പറയുന്നു.
അഖിലേഷ് നേരത്തെ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബാപ്പു, ബാബാസാഹേബ്, ലോഹിയ എന്നിവര്‍ വിഭാവനം ചെയ്തത് പോലെ ഈ ര ാജ്യത്തെ കെട്ടിപ്പടുക്കുമെന്നും, ഭരണഘടന, സംവര്‍ണം, മതസൗഹാര്‍ദം എന്നിവയെ സംരക്ഷിക്കുമെന്നും അഖിലേഷ് പറഞ്ഞു.
അടുത്തിടെ ഹരിയാനയില്‍ പരാജയപ്പെട്ടത് അടക്കം കോണ്‍ഗ്രസിന് തിരിച്ചടിയായി മാറിയിരുന്നു. ഇതോടെ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് അനുവദിക്കാന്‍ അഖിലേഷിന് താല്‍പര്യമില്ലായിരുന്നു. ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ സ്‌ട്രൈക്ക് റേറ്റ് വളരെ കുറവാണ്. അതേസമയം ബിജെപിയും ഉപതിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
നവംബര്‍ പതിമൂന്നിനാണ് യുപിയില്‍ തിരഞ്ഞെടുപ്പ്. കാട്ടേഹാരി, കര്‍ഹാള്‍, മീരാപൂര്‍, കുണ്ഡര്‍ക്കി, ഫൂല്‍പൂര്‍, സിസാമാവു, ഗാസിയാബാദ്, മജാവാന്‍, ഖായിര്‍ എന്നീ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ്. കുണ്ഡര്‍ക്കിയില്‍ ബിജെപി രാംവീര്‍ സിംഗ് താക്കൂറിനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.