International NewsKerala NewsPravasi news

പ്രതീക്ഷകൾ ഉണ്ടായിരിക്കണം (ഓർമ്മക്കുറിപ്പ്) : ലൗലിബാബു തെക്കേത്തല.

Keralanewz.com

സ്വന്തം ജീവിതത്തിൽ ഉണ്ടായിട്ടുള്ള കൊച്ചു കൊച്ചു കാര്യങ്ങളിൽ കൂടി ഉന്നത വിദ്യാഭ്യാസം ഇല്ലാത്ത ഒരു നാട്ടിൻപുറത്തുക്കാരനായ എന്റെ പിതാവ് എങ്ങനെ എന്നെ ജീവിതത്തിൽ പല സങ്കടങ്ങളിലും പിടിച്ചു നിൽക്കാൻ പ്രചോദനം നൽകി എന്നാണ്
ഈ സംഭവത്തിലൂടെ പറയുന്നത്

വർഷം 1986 കേരളത്തിൽ ജോൺ പോൾ രണ്ടാമൻ ആദ്യമായി സന്ദർശിക്കാനെത്തുന്നു. തൃശൂർ നഗരത്തിലും പാപ്പ വരുന്നു.
കേരളത്തിൽ എറണാകുളം ജില്ലയിലെ കളമശ്ശേരി, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തുന്നത് . ഈ സന്ദർശന വേളയിൽ കോട്ടയത്തു വച്ചാണ് അദ്ദേഹം അൽഫോൻസാമ്മ, ചാവറയച്ചൻ എന്നിവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. തൃശൂരിന് തൊട്ടു കിടക്കുന്ന മുക്കാട്ടുകര പള്ളിയിലും സ്കൂളിലും ഉത്സവമേളം തൃശൂരിൽ പാപ്പയ്ക്ക് വേണ്ടിയുള്ള സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ.സ്കൂളിൽ നിന്നും താലപൊലിയുമായി മാർപാപ്പയെ സ്വീകരിക്കാൻ കുട്ടികളെ എടുത്തപ്പോൾ ഞാനും പേര് കൊടുത്തു.

പക്ഷേ എന്തുകൊണ്ടോ അപ്പച്ചൻ അതിന് എതിര് നിന്നു. മറ്റൊന്നും അല്ല വെയിൽ കൊണ്ട് തളർന്നു പോകും കുറെ നടക്കാനുണ്ട് തൃശൂർ റൗണ്ട് മുഴുനും നടക്കേണ്ടി വരും. എന്നൊക്കെ പറഞ്ഞപ്പോൾ അനുജത്തി പിൻവാങ്ങി. വാശിയിൽ മുന്നിൽ ഉള്ള ഞാൻ സമ്മതിച്ചില്ല.. എനിക്ക് മാർ പാപ്പയെ നേരിട്ട് കണ്ടേ തീരൂ.. അതിന് മാർപാപ്പ വരുന്ന ദിവസം രാവിലെ 5 മണിക്ക് സ്കൂളിൽ എത്തണം വെള്ളയുടുപ്പ് വെള്ള റിബ്ബൺ, താലത്തിന് പ്ലേറ്റ്,,പൂക്കൾ കുറച്ചു വെള്ളം ബിസ്ക്കറ്റ് ഇതൊക്കെയായി ഞാൻ അപ്പൂപ്പന്റെ കൂടെ സ്കൂളിൽ എത്തിയപ്പോൾ അല്പം വൈകി പോയിരുന്നു മറ്റു കുട്ടികളെയും കൊണ്ട് ഒരു വെളുത്ത വാൻ കുറച്ചു ദൂരെ പോവുന്ന കണ്ട് ഞാൻ ഓടിയെത്താൻ നോക്കിയെങ്കിലും എന്നെ. കൂടാതെ അത്‌ കടന്നു പോയി..

ഞാൻ മാത്രം പോകാൻ പറ്റാതെ എന്റെ മനസ്സിൽ ഒരു വിങ്ങൽ . മറ്റു കുട്ടികളുടെ മാതാപിതാക്കൾ കുട്ടികളെ വാനിൽ അയച്ചു മടങ്ങുന്നവർ എന്നെ സഹതാപത്തോടെ നോക്കി.മുത്തശ്ശനോട് എന്തൊക്കെയോ ചോദിച്ചു.84വയസ്സിലും ആരോഗ്യവാനായ മുത്തശ്ശൻ അല്പം കേൾവിക്കുറവുള്ള ചെവി വട്ടം പിടിച്ചു കേട്ട് എന്തൊക്കെയോ മറുപടി പറഞ്ഞു. വീട്ടിൽ എത്തിയ പാടെ അടക്കി വെച്ച തേങ്ങൽ പൊട്ടിക്കരച്ചിൽ ആയി. മാർപാപ്പ വരുന്നത് അനുബന്ധിച്ച് വീട്ടിൽ അപ്പോൾ ടി. വി വാങ്ങിയിരുന്നു. നാട്ടിൻ പുറത്തു അപൂർവം വീടുകളിൽ മാത്രം അന്ന് ടി. വി ഉണ്ടായിരുന്നുള്ളൂ.

ടി. വി യിൽ കാണാം എന്ന് പറഞ്ഞിട്ടും എനിക്ക് സങ്കടം കുറയുന്നില്ല കരച്ചിൽ തന്നെ.. മാറി നിന്ന് എന്റെ ചേഷ്ടകൾ കണ്ട് അപ്പച്ചൻ പറഞ്ഞു എല്ലാവരും റെഡി ആയിക്കോ 7മണിക്ക് വീട്ടിൽ നിന്നും ഇറങ്ങണം 10മണിയോടെ മാർപാപ്പ സ്വരാജ് റൗണ്ട് റോഡിൽ കൂടി പോകുമ്പോൾ അവിടെയുള്ള ഒരു പരിചയക്കാരന്റെ കടയുടെ മുകളിൽ നിന്നും കാണാൻ സാധിക്കും. എല്ലാവരും ഒരുങ്ങിയിറങ്ങി 8 മണിയോടെ തൃശൂർ എത്തി. കടയുടെ മുകളിൽ ( തട്ടിൻപുറം )ബാൽക്കണി പോലെയുള്ള നീളത്തിൽ ഒരു വരാന്തയിൽ കസേരകൾ ഉണ്ടായിരുന്നു. ഞങ്ങൾ അറിയുന്ന മറ്റൊരു കുടുംബവും അവിടെ ഉണ്ടായിരുന്നു അവർ ഭക്ഷണം വെള്ളം എല്ലാം കരുതി തന്നെ വന്നത്. അതെല്ലാം പങ്കിട്ടു കൊണ്ട് ഞാൻ റോഡിലേക്ക് നോക്കി നി നിന്നു അതാ കുറച്ചു ദൂരെ റോഡിന്റെ സൈഡിൽ എന്റെ സ്കൂളിലെ കുട്ടികൾ വരി വരിയായ് നടക്കുന്നു. നല്ല വെയിൽ ഉണ്ടായിരുന്നു അവരുടെ കൂടെ പോകട്ടെ എന്ന് ഞാൻ ചോദിച്ചില്ല.എനിക്ക് കിട്ടിയസ്ഥലത്തു ഞാൻ സംതൃപ്തിയോടെ നിന്നു.
10മണി കഴിഞ്ഞപ്പോൾ ഒരു തുറന്ന ജീപ്പിൽ ഇരു കൈകളും തുറന്നു പിടിച്ചു കൊണ്ട് റോസ് നിറമുള്ള ഒരു രൂപം..മനുഷ്യനോ അതോ സ്വർഗത്തിൽ നിന്നും ഇറങ്ങിയ മാലാഖയോ എന്ന് എനിക്ക് സന്ദേഹമായിരുന്നു. ദിവ്യ പ്രഭാവം ഉള്ള ആ മുഖം കണ്ട് ഞാൻ സന്തോഷിച്ചു. മുകളിൽ നിന്നും കൈ വീശി കാണിച്ചു. മാർപാപ്പയെ കണ്ട സന്തോഷം പിറ്റേന്ന് മറ്റുകൂട്ടുക്കാർ പറയുമ്പോൾ എനിക്കും പറയാൻ ഒരു കഥ ഉണ്ടല്ലോ എന്ന അഹoഭാവത്തോടെ ഞാൻ ഇരുന്നു.
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അപ്പച്ചന്റെ കയ്യിൽ പിടിച്ചു ഞാൻ പറഞ്ഞു അപ്പച്ചാ താങ്ക് യു. അപ്പോൾ അപ്പച്ചൻ പറഞ്ഞു നിനക്ക് എന്തെങ്കിലും ഇഷ്ടമുള്ളത് ലഭിച്ചില്ലെങ്കിൽ ഇനി ഒരിക്കലും അത്‌ ലഭിക്കയില്ല എന്നേക്കുമായി നഷ്ടപ്പെട്ടു എന്നോർത്തു നിരാശപ്പെടരുത്.മറ്റു മാർഗങ്ങളിലൂടെ ഒരു പക്ഷേ നിനക്ക് അത്‌ ലഭിക്കാൻ സാധിക്കുമോ എന്ന് ശ്രമിക്കുക ഒരു പക്ഷേ നീ പ്രതീക്ഷിച്ചതിനേക്കാൾ മനോഹരമായ രീതിയിൽ നിനക്ക് അത്‌ ലഭിച്ചേക്കാം.. അതെ പ്രതീക്ഷകൾ ഉണ്ടായിരിക്കണം മറ്റു മാർഗ്ഗങ്ങൾ തെളിഞ്ഞു വരും. എന്ന ഒരു പാഠമായിരുന്നു അന്നെനിക്ക് പകർന്നു തന്നത്. ഇപ്പോഴും ആ വാക്കുകൾ എനിക്ക് മുന്നോട്ടുള്ള പ്രചോദനമാകുന്നു .

Facebook Comments Box