സന്ദീപ് വാര്യര്‍ വന്നിട്ടും കോൺഗ്രസിൻ്റെ ഭീതി ഒഴിയുന്നില്ല.4 പേരുടെ സാന്നിധ്യം കോണ്‍ഗ്രസിനെ അലട്ടുന്നു. സന്ദീപ് വാര്യരുടെ കൂടുമാറ്റത്തെ പ്രതിരോധിക്കാൻ തന്ത്രങ്ങളൊരുക്കി ബി ജെ പി .
പാലക്കാട്: സന്ദീപ് വാര്യര്‍ താമര ഉപേക്ഷിച്ച് കോണ്‍ഗ്രസിന് കൈകൊടുത്തതിന് പിന്നാലെ ബിജെപി പാളയത്തില്‍ നിന്ന് കൂടുതല്‍ പേരെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിഡി സതീശനും ഷാഫി പറമ്ബിലും ഉള്‍പ്പെടെയുള്ള നേതാക്കൾ.
പാലക്കാട് നഗരസഭയിലെ ചില അംഗങ്ങള്‍ യുഡിഎഫിനൊപ്പം ചേര്‍ന്നേക്കുമെന്നാണ് പരക്കുന്ന അഭ്യൂഹം. ചില കൗണ്‍സിലര്‍മാരുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്.
സന്ദീപിന്റെ കളംമാറ്റം പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കില്ലെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ആര്‍എസ്‌എസ് നിയോഗിച്ച പ്രതിനിധികള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ചിട്ടയായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അതൃപ്തരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും നേതാക്കള്‍ സൂചിപ്പിച്ചു. ദേശീയ-സംസ്ഥാന നേതാക്കളുടെ കൂട്ടവരവ് ഇല്ലാത്തത് ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണ് എന്നാണ് ഇവര്‍ പറയുന്നത്
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിന് ദേശീയ നേതാക്കള്‍ പ്രചാരണം നടത്തുന്ന പതിവില്ല എന്ന് ബിജെപി നേതാക്കള്‍ പറയുന്നു. വി മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരുടെ അസാന്നിധ്യത്തെ കുറിച്ച് പക്ഷേ, വ്യക്തമായ മറുപടി ഇവര്‍ക്കില്ല. കാടിളക്കിയുള്ള പ്രചാരണമല്ല, കുടുംബ യോഗങ്ങളും വീട് കയറിയുള്ള വോട്ട് ഉറപ്പിക്കലുമാണ് പാര്‍ട്ടി ഊന്നല്‍ നല്‍കുന്നതെന്നും നേതാക്കള്‍ പറയുന്നു.
അതേസമയം, വലിയ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. രാഹുല്‍ മാങ്കൂട്ടത്തിലിന് 8000 വരെ വോട്ടിന്റെ ഭൂരിപക്ഷമാണവർ പ്രതീക്ഷിക്കുന്നത്. പി സരിന്റെ കളംമാറ്റവും സ്ഥാനാര്‍ഥിത്വവും അണികളുടെ വാശി കൂട്ടി എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ സരിന്‍ ഇടത് സ്ഥാനാര്‍ഥിയായത് തങ്ങള്‍ക്ക് നേട്ടമാകുമെന്ന് ബിജെപി കരുതുന്നു. സരിന്‍ പിടിക്കുക യുഡിഎഫിന്റെ വോട്ടാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. സന്ദീപ് വാര്യര്‍ മറുകണ്ടം ചാടിയതോടെ ഇത്തവണ എന്തുവില കൊടുത്തും ജയിക്കണമെന്ന തോന്നല്‍ ബിജെപി പ്രവര്‍ത്തകരില്‍ ഉണ്ടക്കിയിട്ടുണ്ടത്രെ.
ബിജെപി വിടാതെ സന്ദീപ് വാര്യര്‍ വിമതനായി നില്‍ക്കുന്നതായിരുന്നു നല്ലത് എന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാക്കളും മണ്ഡലത്തിലുണ്ട്. ബിജെപിക്ക് സ്വാധീനമുള്ള നഗരസഭയിലെ ചില ഭാഗങ്ങളില്‍ സന്ദീപിന് പിന്തുണയര്‍പ്പിച്ച് പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സുകള്‍ ഇപ്പോള്‍ കാണാനില്ല. ഇത് ബിജെപിയില്‍ വോട്ട് ഏകീകരണം വരുന്നു എന്ന സൂചനയാണ്.
നാല് സ്വതന്ത്രരുടെ സാന്നിധ്യമാണ് യുഡിഎഫിന് ആശങ്ക. ഇവരെല്ലാം വൻ പ്രചാരണം നടത്തുന്നതിന് പിന്നില്‍ ബിജെപിയുടെ പണമാണെന്നാണ് യുഡിഎഫ് ക്യാമ്പ് വിശ്വസിക്കുന്നത്. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും വോട്ടുകളില്‍ പിളര്‍പ്പുണ്ടാക്കാന്‍ ഈ നാല് സ്വതന്ത്രര്‍ക്ക് കഴിയുമെന്ന് ബിജെപിയും വിലയിരുത്തുന്നു. അതേസമയം, അസാധാരണമായ കെട്ടുറപ്പ് യുഡിഎഫ് ക്യാമ്ബിലുണ്ട് എന്നത് ഇത്തവണ വ്യക്തമാണ്.
വിഡി സതീശനും ഷാഫി പറമ്പിലുമാണ് യുഡിഎഫിന് വേണ്ടി തന്ത്രങ്ങള്‍ മെനയുന്നത്. ഇ ശ്രീധരന്റെ വ്യക്തി പ്രഭാവം കൊണ്ട് 2021ല്‍ ബിജെപിക്ക് ലഭിച്ച വോട്ട് ഇത്തവണ കൃഷ്ണകുമാറിന് കിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. നഗരസഭയില്‍ ബിജെപിയുടെ ഭൂരിപക്ഷം 2000ത്തില്‍ ഒതുക്കാന്‍ സാധിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയം ഉറപ്പാണെന്നും അവര്‍ പറയുന്നു.
മാത്തൂരും പിരായിരിയിലും യുഡിഎഫ് കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. കണ്ണാടിയില്‍ ഇടതുപക്ഷത്തിന് മേല്‍ക്കോയ്മ കിട്ടിയാലും അവിടെ ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളാന്‍ സാധിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കുമെന്ന് കോണ്‍ഗ്രസ് ഉറച്ചുവിശ്വസിക്കുന്നു. വന്‍തോതില്‍ പുതിയ വോട്ട് ചേര്‍ത്താന്‍ സാധിച്ചതും സന്ദീപ് വാര്യരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള രഹസ്യ ഓപറേഷനും കോണ്‍ഗ്രസില്‍ അസാധാരണമായ ഐക്യമുണ്ടെന്ന് വിളിച്ചോതുന്നു.
മൂന്നു മുന്നണികളും ശുഭപ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ടെങ്കിലും നിലവിൽ ആർക്കും മേൽകൈ പ്രവചിക്കാൻ സാധിക്കാത്ത സാഹചര്യമാണ് പാലക്കാട്ടുള്ളത്