Fri. Dec 6th, 2024

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാര്‍ഡ്; രാഹുല്‍ മാങ്കൂട്ടത്തില്‍ കുടുങ്ങിയേക്കും

Keralanewz.com

തിരുവനന്തപുരം: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ വോട്ടർ ഐഡി കാർഡുകള്‍ നിർമിച്ചെന്ന കേസില്‍ അന്വേഷണ സംഘത്തിന് നിർണായക തെളിവുകള്‍ ലഭിച്ചതായി വിവരം.

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിലാണ് വ്യാജ ഐഡി കാര്‍ഡ് നിർമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്‌സൈറ്റില്‍ നിന്ന് ഐഡി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്ത്, അതേ ലാപ്‌ടോപ്പില്‍ ഫോട്ടോയും പേരും മാറ്റി യൂത്ത് കോണ്‍ഗ്രസ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഈ വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് സംഘടനാ തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്.

ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് തെളിവ് ലഭിച്ചത്. വോട്ടിങ്ങിനു ശേഷം 67,158 അപേക്ഷകരെ ഒഴിവാക്കി. കാണക്കാരി പഞ്ചായത്തിലെ 27 പേരുടെ പേരില്‍ വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കി. മലപ്പുറത്ത് ഏഴ് പേരുടെയും പേരില്‍ വ്യാജ കാര്‍ഡ് ഉണ്ടാക്കി. ഇത് കാർഡ് ഉടമകളും മൊഴിയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്ത നാല് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ ലോക്ക്ഡ് ആണെന്നതിനാല്‍ വിവരം ശേഖരിക്കുന്നതിനായി ചണ്ഡീഗഡിലെ ലാബിലേക്ക് അയച്ചു.

രാഹുലിന്‍റെ സുഹൃത്തും സന്തത സഹചാരിയുമായ ഫെനി നൈനാൻ ഉള്‍പ്പടെയുള്ളവരെ പ്രതിചേർത്തിരുന്ന കേസില്‍ ഇടപെടല്‍ ഉണ്ടായതായി കണ്ടെത്തിയാല്‍ പ്രതിസ്ഥാനത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തിലും എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Facebook Comments Box

By admin

Related Post