Thu. Apr 18th, 2024

എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് വെട്ടിക്കുറച്ചു; വെട്ടിക്കുറച്ച തുക കൊവിഡ് പ്രതിരോധത്തിന്

By admin Jun 10, 2021 #news
Keralanewz.com

തിരുവനന്തപുരം: എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് വെട്ടിക്കുറച്ചു. അഞ്ചുകോടിയില്‍ നിന്ന് ഒരു കോടിയായാണ് കുറച്ചത്. വെട്ടിക്കുറച്ച നാല് കോടി കൊവിഡ് പ്രതിരോധത്തിനായി പിടിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ആസ്തിവികസന ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് പുനരാലോചിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് നടപടി. ഇതിലൂടെ 560 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുന്നത്

ഇന്ധന വില വര്‍ധനയെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം നടന്നിരിന്നു. അധിക വരുമാനം സംസ്ഥാനം വേണ്ടെന്നു വയ്ക്കണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വില വര്‍ധനയുടെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനല്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

ഇന്ധന വില വര്‍ധനയ്‌ക്കെതിരെ എന്‍. ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തപ്രമേയ നോട്ടീസ് നല്‍കിയത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധന മൂലം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള മികച്ച മാര്‍ഗമായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇന്ധന വിലയെ കാണുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. പെട്രോള്‍ വിലയല്ല നികുതിയാണ് കൂടുന്നതെന്നും ജനങ്ങളെ പിഴിഞ്ഞ് കിട്ടുന്നത് പോന്നോട്ടെ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നയമെന്നും ഷംസുദീന്‍ കുറ്റപ്പെടുത്തി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഏഴ് തവണ അധിക വരുമാനം വേണ്ടെന്നുവച്ചു. ആ മാതൃക എന്ത് കൊണ്ട് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാവങ്ങളുടെ സര്‍ക്കാര്‍ എന്ന് പറയുമ്പോള്‍ എന്ത് കൊണ്ട് സഹായിക്കുന്നില്ല കോവിഡ് കാലത്ത് എങ്കിലും അധിക നികുതി ഒഴിവാക്കണമെന്നും ഷംസുദീന്‍ സഭയില്‍ പറഞ്ഞു.

ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവന്നാല്‍ എന്താണ് കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. അതേസമയം ഇന്ധന വില വര്‍ധന സ്ഥിതി ഗുരുതരമാണെന്ന് ധനമന്ത്രി പറഞ്ഞു. പക്ഷേ വില വര്‍ധനവില്‍ ഉത്തരവാദിത്തം സംസ്ഥാനത്തിന് അല്ല. മറ്റു സംസ്ഥാനങ്ങളിലെ അത്ര നികുതി കേരളത്തില്‍ ഇല്ല. സംസ്ഥാനത്തെ വിമര്‍ശിക്കുന്ന പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ നോട്ടീസില്‍ ഒന്നും പറയുന്നില്ല.

Facebook Comments Box

By admin

Related Post