കൊച്ചി: പാലക്കാട്ടെ വമ്ബൻ തോല്‍വിക്ക് പിന്നാലെ ബി ജെ പിയിലുണ്ടായ പൊട്ടിത്തെറിയില്‍ പ്രതികരിച്ച് മുൻ സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ വി മുരളീധരൻ രംഗത്ത്.
എന്തായാലും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരൻ വ്യക്തമാക്കി. പറയാനുള്ളത് പറയേണ്ട വേദിയില്‍ പറയുമെന്നും മുരളീധരൻ വ്യക്തമാക്കി. പാർട്ടി പറഞ്ഞാല്‍ അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് ‘അത് നല്ല ചോദ്യം’ എന്നായിരുന്നു മുരളീധരന്‍റെ മറുപടി.
മാധ്യമപ്രവർത്തകർക്ക് ബി ജെ പിയോടുള്ള സ്നേഹം തനിക്ക് മനസിലാകും. അമ്മയെ തല്ലുന്നത് നിർത്തിയോ എന്നതു പോലത്തെ ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ ചോദിക്കുന്നതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. അഭിപ്രായങ്ങള്‍ പറയേണ്ട സ്ഥലത്താണ് പറയുന്നതെന്നും വി മുരളീധരൻ പ്രതികരിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാർ തോറ്റതിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പാർട്ടിക്കുള്ളില്‍ ശക്തമായ പടയൊരുക്കത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു വി മുരളീധരൻ്റെ പ്രതികരണം.