വയനാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യാക്കുറിപ്പ്.
എംഎല്‍എ ബാലകൃഷ്ണൻ ഉള്‍പ്പെടെയുള്ള ആളുകളുടെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എംഎല്‍എയുടെ നിർദ്ദേശപ്രകാരം ആണ് നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് എന്ന് കുറിപ്പില്‍ പറയുന്നു.
എങ്ങനെയാണ് ഇത്രയും വലിയ ബാദ്ധ്യതയുണ്ടായത് എന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നില്‍ പ്രവർത്തിച്ചവരുടെ പേരുകള്‍ ഉള്‍പ്പെടെ കുറിപ്പില്‍ പരാമർശിക്കുന്നു. ആത്മഹത്യചെയ്യാനുള്ള കാരണത്തെക്കുറിച്ചും അദ്ദേഹം വിശദമാക്കുന്നുണ്ട്.
ബാങ്ക് നിയമനത്തിനെന്ന പേരില്‍ ഒരുപാട് ആളുകളുടെ പക്കല്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് എട്ട് പേജുകളുള്ള ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇതില്‍ എംഎല്‍എ ഐസി ബാലകൃഷ്ണനും, ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ എന്നിവരും ഉള്‍പ്പെടുന്നു. എന്നാല്‍ അവസാനം ഇതെല്ലാം ട്രഷറർ ആയ തന്റെ തലയില്‍ ആയി.
രണ്ട് ബാങ്കുകളിലെ നിയമനത്തിന് വേണ്ടിയാണ് പണം ആവശ്യപ്പെട്ടത്. എൻഡി അപ്പച്ചൻ 10 ലക്ഷം രൂപയാണ് അയല്‍വാസിയില്‍ നിന്നും വാങ്ങിയത്. സമാന രീതിയില്‍ ലക്ഷക്കണക്കിന് രൂപ മറ്റുള്ളവരില്‍ നിന്നും വാങ്ങി. ഇങ്ങനെ അർബൻ ബാങ്കില്‍ 65 ലക്ഷം രൂപയുടെ ബാദ്ധ്യതയാണ് ഉള്ളത്. ഇതേക്കുറിച്ച് മക്കള്‍ക്ക് പോലും അറിയില്ല.
താൻ പറയുന്ന കാര്യങ്ങളെല്ലാം കോണ്‍ഗ്രസ് ലീഗല്‍സെല്ലിന് അറിയാം. എംഎല്‍എയുടെ ഇഷ്ടക്കാരനെ നിയമിക്കാൻ മകനെ ബാങ്കിലെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നും കത്തില്‍ പരാമർശിക്കുന്നുണ്ട്.