Mon. Feb 17th, 2025

രാത്രി മുഴുവന്‍ സ്‌റ്റേഷന്‍ ലോക്കപ്പില്‍, ഉറങ്ങാതെ ബെഞ്ചിലിരുന്ന് സമയം കളഞ്ഞു; ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ്

By admin Jan 9, 2025 #Bobby Chemmannoor #news
Keralanewz.com

ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഇന്നലെ രാത്രി മുഴുവന്‍ ചെലവഴിച്ചത് സ്‌റ്റേഷന്‍ ലോക്കപ്പില്‍.

രാത്രി ഏഴിനാണ് ബോബിയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുമ്ബോള്‍ സമയം 7.30 കഴിഞ്ഞു.

സ്റ്റേഷനില്‍ വെച്ച്‌ രണ്ട് മണിക്കൂറില്‍ അധികം പൊലീസ് ബോബിയെ ചോദ്യം ചെയ്തു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ ബോബി ആവര്‍ത്തിച്ചു. ഹണി റോസിനെതിരായ പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യപരമായിരുന്നില്ല. അഭിമുഖങ്ങളില്‍ പങ്കുവെച്ചത് പുരാണത്തിലെ കാര്യങ്ങളാണ്. അശ്ലീല പദപ്രയോഗങ്ങള്‍ ആണെന്നതു തെറ്റിദ്ധാരണ മാത്രമാണെന്നും ബോബി പറഞ്ഞു.

രാത്രിയിലെ ചോദ്യം ചെയ്യലിനു ശേഷം ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനുശേഷം വീണ്ടും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലായിരുന്നു ബോബി. ഉറങ്ങാതെ ലോക്കപ്പിലെ ബെഞ്ചിലിരുന്ന് സമയം കളയുകയായിരുന്നു. ഇന്നു രാവിലെ ഇയാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 67-ാം വകുപ്പും പ്രകാരമാണ് ബോബിക്കെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം ജാമ്യമില്ലാ വകുപ്പായതിനാല്‍ പ്രതിക്കു ജാമ്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരും. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹണി റോസ് ഇന്നലെ മൊഴി നല്‍കി. ഇതിന്റെ പകര്‍പ്പും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും. പകര്‍പ്പ് ലഭിച്ച ശേഷം ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പൊലീസ് പരിഗണിക്കും.

ഇന്നലെ രാവിലെ എട്ടിനു വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള ‘ബോചെ ആയിരമേക്കര്‍’ എസ്റ്റേറ്റില്‍നിന്നു പുറത്തേക്കു വരുമ്ബോള്‍ വാഹനം വളഞ്ഞ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ബോബിയെ പിടികൂടുകയായിരുന്നു. പൊലീസ് വാഹനത്തില്‍ തന്നെയാണ് ഇയാളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. തന്റെ സ്വകാര്യ വാഹനത്തില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന് ബോബി പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല.

Facebook Comments Box

By admin

Related Post