Mon. Feb 17th, 2025

എറണാകുളം വൈദികര്‍ മഹറോനിലേക്ക്? അതിരൂപതാ ആസ്ഥാനം പിടിച്ചടക്കാൻ ശ്രമിച്ച 21 വിമത വൈദികരുടെ കാര്യത്തില്‍ അപൂര്‍വ നടപടികള്‍ക്ക് സാധ്യത. അഡ്മിനിസ്ട്രേറ്റര്‍ക്ക് സിനഡിന്റെ പിന്തുണ

By admin Jan 11, 2025 #filim #Syro Malabar Sabha
Keralanewz.com

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ സമരക്കാരായ വിമത വൈദികർക്കു മഹറോൻ ശിക്ഷ നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സഭാ നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

പതിവായി ക്രൈസ്തവയീതയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം ഗുരുതരമായ തെറ്റുകള്‍ ഇവര്‍ ആവർത്തിക്കുന്ന സാഹചര്യത്തില്‍, സഭയുടെ സംവിധാനത്തെ ശക്തിപ്പെടുത്തുവാൻ ഇത്തരം കടുത്ത നടപടികള്‍ കൂടിയേ തീരൂ എന്ന അഭിപ്രായമാണ് ശക്തിപ്പെടുന്നത്.

വിമത വൈദികര്‍ക്കെതിരെ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങള്‍ക്കും സീറോ മലബാർ സഭ സിനഡ് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതെന്നാണ് പുറത്തുവരുന്ന വാർത്ത.

സഭയെ അനുസരിക്കാതെയും,സഭയുടെ വിശുദ്ധ കുർബാന അർപ്പിക്കാതെയും, സഭാ പിതാക്കന്മാരെ അപമാനിക്കുകയും ചെയ്യുന്ന വിമത വൈദികർക്കെതിരെ നടപടി ആരംഭിച്ചതായി അതിരൂപതാ കൂരിയ അറിയിച്ചിട്ടുണ്ട്. ഇന്നലെയാണ് ഇത് സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറങ്ങിയത്.

മാർപാപ്പയും, പൗരസ്ത്യ തിരുസംഘവും നിരവധിതവണ ആവശ്യപ്പെട്ടിട്ടും സഭാ സംവിധാനങ്ങളുടെ അച്ചടക്ക നടപടികളെ വെല്ലുവിളിക്കുകയും, അനുസരണക്കേട് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വത്തിക്കാന്‍ ഏറെ അസ്വസ്ഥരാണ്.

ഈ സാഹചര്യത്തില്‍ പൗരസ്ത്യ തിരുസംഘത്തിന്റെ ശക്തമായ താക്കീതിനെ തുടർന്നാണ് നടപടികള്‍ ആരംഭിച്ചത്. സഭയുടെ ചരിത്രത്തിലെ അത്യപൂര്‍വ്വ നടപടികളിലേയ്ക്ക് ഇത് നീങ്ങിയെക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്.

തെറ്റ് ചെയ്തവർക്ക് തിരുത്താന്‍ ഒരു അവസരംകൂടിയെന്ന പേരില്‍ ചിലർ ചേർന്ന് നടത്തിയ പതിവ് സമവായ ഫോർമുലയെ സീറോ മലബാർ സഭയുടെ സിനഡ് തള്ളിക്കളഞിരുന്നു.

ഏറ്റവും അടുത്ത സമയംതന്നെ സഭയുടെ സംവിധാനത്തിന്റെ ഭാഗമായുള്ള അനുസരണത്തിലേക്ക് വൈദികർ വരുക മാത്രമേ ഇനി അവരുടെ മുന്നില്‍ വഴിയുള്ളൂ എന്നാണ് സിനഡ് നല്‍കുന്ന സന്ദേശം.

ഇതിനോടകം തന്നെ സഭയുടെ സംവിധാനത്തെ ദുർബലപ്പെടുത്തിയ ഏതാനും ചിലർക്കെതിരെ ആരംഭിച്ച നടപടി മുൻപോട്ടു കൊണ്ടുപോകുവാൻ തന്നെയാണ് അഡ്മിനിസ്ട്രേറ്റർക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശം. കൂടുതല്‍ നടപടികള്‍ ആവശ്യമെങ്കില്‍ ആകാമെന്ന നിർദ്ദേശവും നല്‍കിയിട്ടുണ്ട്.

സഭാ നേതൃത്വം അച്ചടക്ക നടപടികളില്‍ മുന്നോട്ടുപോവുകയും, സമവായ കരാറുകള്‍ റദ്ദാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം മുൻകൂട്ടി കണ്ടു കൊണ്ടാണ് ജോയിസ് കൈതക്കോട്ടിന്‍റെ നേതൃത്വത്തില്‍ അങ്കമാലിയില്‍ നിരാഹാരം നടത്തിയത്. എന്നാല്‍ സമരത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം മാവോയിസ്റ്റ് ആക്രമണം പോലെ അതിരൂപതാ ആസ്ഥാനം പിടിച്ചടക്കാൻ ശ്രമിച്ച 21 വൈദികരുടെ കാര്യത്തില്‍ അപൂര്‍വ നടപടികള്‍ സ്വീകരിക്കാന്‍ ആണ് നിര്‍ദേശം .

അതോടെയാണ് വൈദികര്‍ക്കെതിരെ സാധാരണ നിലയില്‍ ഉണ്ടാകാറില്ലാത്ത മഹറോന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വിമതര്‍ക്കെതിരെ ഉണ്ടായേക്കും എന്ന സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്

Facebook Comments Box

By admin

Related Post