Thu. Apr 25th, 2024

മൊബൈലിൽ റേഞ്ചില്ല,പഠിയ്ക്കാൻ മരത്തിൽ കയറിയ വിദ്യാർത്ഥി താഴെ വീണ് ഗുരുതര പരുക്ക്

By admin Aug 26, 2021 #news
Keralanewz.com

കണ്ണൂർ:പഠനാവശ്യത്തിന് മൊബൈലിൽ റേഞ്ചില്ലാതെ വന്നതോടെ മരത്തിൽ കയറിയ വിദ്യാർത്ഥി താഴെ വീണു. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തു ബാബുവാണ് അപകടത്തിൽ പെട്ടത്. വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിനാണ് പൊട്ടലുള്ളത്. കുട്ടിയെ പരിയാരത്ത് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്ലസ് വൺ അലോട്ട്‌മെന്റ് പരിശോധിക്കാനായാണ് വീടിനടുത്തുള്ള കൂറ്റൻ മരത്തിന് മുകളിലേക്ക് അനന്തബാബു കയറിയത്. നിലതെറ്റി പാറക്കൂട്ടത്തിലേക്കാണ് വിദ്യാർത്ഥി വീണത്. അനന്തബാബു അടക്കം കോളനിയിൽ 72 വിദ്യാർത്ഥികളാണ് ഉള്ളത്. ഇവിടെ മൊബൈലിന് റേഞ്ചില്ലാത്തത് വലിയ വാർത്തയായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് കോളനി നിവാസികൾ.

പത്താം ക്ലാസിൽ ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാൻ ഇതേ മരത്തിന് മുകളിൽ കയറിയാണ് അനന്തബാബു പഠിച്ചത്. ഇന്ന് ഉച്ചയ്ക്ക് പ്ലസ് വൺ അലോട്ട്മെന്റ് പരിശോധിക്കാനായിരുന്നു വീണ്ടും മരത്തിൽ കയറിയത്. വീണ ഉടനെ തന്നെ കുട്ടിയെ കൂത്തുപറമ്പ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വിദഗ്ദ്ധ പരിശോധനയ്ക്ക് വേണ്ടി പരിയാരത്തേക്ക് മാറ്റി.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്കയില്ലെന്നും തറയിൽ കിടത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടെന്നാണ് അനന്തബാബുവിന്റെ അമ്മ പറഞ്ഞത്. നട്ടെല്ലിന് പൊട്ടലുള്ളതിനാൽ ഇത് സാധ്യമല്ലെന്ന് ഇവർ നിലപാടെടുത്തു. തുടർന്ന് കിടക്ക അനുവദിച്ചെന്നും അവർ പറഞ്ഞു. അനന്തബാബുവിന്റെ കോളനിയിൽ 110 കുടുംബങ്ങളാണ് ഉള്ളത്.

Facebook Comments Box

By admin

Related Post