Tue. Apr 23rd, 2024

ബെന്‍സിന്റെ ജി.എല്‍.ഇ.63 എസ് എ.എം.ജി. 4മാറ്റിക് പ്ലസ് കൂപ്പെ മോഡല്‍ ഇന്ത്യന്‍ വിപണിയി

By admin Aug 26, 2021 #news
Keralanewz.com

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ ജി.എല്‍.ഇ.63 എസ് എ.എം.ജി. 4മാറ്റിക് പ്ലസ് കൂപ്പെ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജി.എല്‍.ഇ. മോഡലിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ഈ വാഹനത്തിന് 2.07 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില എന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെഴ്‌സിഡസ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ള പന്ത്രണ്ടാമത്തെ എ.എം.ജി. മോഡലാണ് ജി.എല്‍.ഇ.63 എസ് എ.എം.ജി. 4മാറ്റിക് പ്ലസ് കൂപ്പെ. 4.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 603 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഒമ്പത് സ്പീഡ് എ.എ.ജി. സ്പീഡ്ഷിഫ്റ്റ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതിന് വെറും 3.8 സെക്കന്‍ഡുകള്‍ മാത്രം മതി. മണിക്കൂറില്‍ 280 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. 22 എച്ച്.പി. കരുത്തേകുന്ന 48-വോള്‍ട്ട് ഹൈബ്രിഡ് സിസ്റ്റവും ഇതിലുണ്ട്.

നാപ്പ ലെതറില്‍ പൊതിഞ്ഞിട്ടുള്ള സീറ്റുകള്‍, സ്റ്റൈലിഷായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഡാഷ്‌ബോര്‍ഡ്, എ.എം.ജി. സ്റ്റിയറിങ് വീല്‍, ഡ്യുവല്‍ സ്‌ക്രീന്‍ സംവിധാനമുള്ള എം.ബി.യു.എക്‌സ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഉയര്‍ന്ന് നില്‍ക്കുന്ന ആംറെസ്റ്റ് തുടങ്ങിയവയാണ് അകത്തളത്തിന് ആഡംബര ഭാവം നല്‍കുന്ന പ്രധാന ഘടകങ്ങള്‍.

സ്‌പോര്‍ട്ടി ലുക്കാണ് എക്‌സ്റ്റീരിയറിന്റെ സൗന്ദര്യം. പാനമേരിക്കാന ഗ്രില്ല്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഡ്യുവല്‍ ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ഹെഡ്‌ലാംപ്, പവര്‍ ലൈനുകള്‍ നല്‍കിയുള്ള ബോണറ്റ്, ക്ലാഡിങ്ങുകളും സ്‌കിഡ് പ്ലേറ്റും നല്‍കിയുള്ള മസ്‌കുലര്‍ ബംപര്‍ എന്നിവയാണ് മുഖം അലങ്കരിക്കുന്നത്. ചരിഞ്ഞിറങ്ങുന്ന റൂഫാണ് പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നത്. ഇതിനൊപ്പം എല്‍.ഇ.ഡി.ലൈറ്റുകളും ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പും ഡ്യുവല്‍ ടോണ്‍ ബംപറും ചേരുമ്പോള്‍ വാഹനം കൂടുതല്‍ സ്‌റ്റൈലിഷാകുന്നു.

ഇന്ത്യയിലെ ആഡംബര വാഹനങ്ങളിലെ മേധാവിത്വം ഒരിക്കല്‍കൂടി ഉറപ്പിക്കുന്നതിനായി ഡിസൈന്‍, ഡൈനാമിക്‌സ്, പ്രകടനം എന്നിവയില്‍ മികച്ച കാര്യക്ഷമത ഉറപ്പാക്കിയാണ് ജി.എല്‍.ഇ.63 എസ് എ.എം.ജി. 4മാറ്റിക് പ്ലസ് കൂപ്പെ എത്തിയിട്ടുള്ളതെന്ന് മെഴ്‌സിഡസ് ബെന്‍സ് മേധാവി മാര്‍ട്ടിന്‍ ഷ്വെങ്ക് പറയുന്നു. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ഒരുക്കിയിട്ടുള്ളതിനാല്‍ ഒരേസമയം ഓഫ് റോഡറായും അത്യാഡംബര വാഹനമായും ഈ മോഡല്‍ പെര്‍ഫോം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി

Facebook Comments Box

By admin

Related Post