National NewsMovies

മൊണാലിസയെ സിനിമയിലെടുത്തേ!! ബോളിവുഡ് അരങ്ങേറ്റം പ്രശസ്ത സംവിധായകനോപ്പം; കരാര്‍ ഒപ്പുവെച്ചു

Keralanewz.com

പ്രയാഗ്‍രാജിലെ മഹാകുംഭമേളയ്‌ക്കിടെ വൈറലായ മൊണാലിസ ബോണ്‍സ്ലെ ഇനി സിനിമ നടി. പ്രശസ്ത സംവിധായകൻ സനോജ് മിശ്രയുടെ ‘ഡയറി ഓഫ് മണിപ്പൂർ’ ചിത്രത്തിലൂടെയാണ് മൊണാലിസയുടെ ബോളിവുഡ് അരങ്ങേറ്റം.

മദ്ധ്യപ്രദേശിലെ ഖർഗോണിലുള്ള മൊണാലിസയുടെ വീട്ടില്‍ എത്തിയാണ് സംവിധായകൻ ആദ്യ സിനിമയുടെ കരാർ ഒപ്പുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്ത് വന്നിട്ടുണ്ട്.

മൊണാലിസയുടെ വേഷം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സിനിമയില്‍ കരസേനാ ഉദ്യോഗസ്ഥന്റെ മകളായാണ് പെണ്‍കുട്ടി അഭിനയിക്കുന്നതെന്നാണ് സൂചന. 20 കോടി ബജറ്റിട്ട ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യാനാണ് പദ്ധതി. ഫെബ്രുവരിയില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. മാർച്ചിലോ ഏപ്രിലിലോ ആയിരിക്കും മൊണാലിസ ഷൂട്ടിങ്ങിന് എത്തുക.’രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍’, ‘കാശി ടു കാശ്മീർ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര.

മാല വില്‍പ്പനയ്‌ക്കായാണ് മൊണാലിസയും കുടുംബവും പ്രയാഗ്‍രാജില്‍ എത്തിയത്. ഇതിനിടെ അപ്രതീക്ഷിതമായി പെണ്‍കുട്ടിയുടെ നിഷ്കളങ്കമായ പുഞ്ചിരിയും നീലക്കണ്ണുകളും ഏതോ വ്ലോഗറുടെ ക്യാമറയില്‍ പതിഞ്ഞു. ഇതോടെ മൊണാലിസ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവർന്നു. ഓണ്‍ലൈനില്‍ ആരാധകർ ‘ബ്രൗണ്‍ ബ്യൂട്ടി’ എന്നാണ് പെണ്‍കുട്ടിക്ക് നല്‍കിയ പേര്. പെണ്‍കുട്ടിയുടെ വീഡിയോ രണ്ട്കോടിയിലധികം പേരാണ് കണ്ടത്. ദേശീയ- പ്രാദേശിക മാദ്ധ്യമങ്ങളിലും മൊണാലിസ വാർത്തയായി. ഇതിന് പിന്നാലെ നിരവധി പേരാണ് ഇന്റർവ്യൂവെന്നും സെല്‍ഫിയെന്നും പറഞ്ഞ് പെണ്‍കുട്ടിയെ സമീപിക്കാൻ തുടങ്ങിയത്. പലപ്പോഴും പിന്നാലെ കൂടുന്ന കൂട്ടത്തെ സ്വാമിമാരാണ് ആട്ടി ഓടിച്ചിരുന്നത്. ശല്യം വർദ്ധിച്ച്‌ വന്നതോടെ മൊണലിസയെ പിതാവ് ഇൻഡോറിലേക്ക് തിരിച്ചയച്ചിരുന്നു.

Facebook Comments Box