തോറ്റ് നാണം കെട്ട കോണ്‍ഗ്രസിനോട് ദേശീയ മാധ്യമത്തിന്റെ ചോദ്യം : എഎപിയെ നിങ്ങള്‍ക്ക് ജയിപ്പിച്ച് കൂടാര്‍ന്നോ? തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് കോണ്‍ഗ്രസും
ന്യൂഡല്‍ഹി : ഇൻഡി മുന്നണിയില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള ചേരിപ്പോര്. പിന്നീട് അങ്ങോട്ട് ശത്രുതയായി ഒടുവില്‍ ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ തമ്മില്‍ പോരടിച്ച് മത്സരിച്ച് പരാജയവും.
ഇപ്പോഴിത ഇൻഡി സഖ്യകക്ഷിയായ എഎപിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നും അനാവശ്യ പ്രശ്നങ്ങള്‍ക്ക് മുതിരരുതെന്നുമാണ് കോണ്‍ഗ്രസിന്റെ പറച്ചില്‍.
തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ആം ആദ്മി പാർട്ടിയെ വിജയിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമല്ലെന്ന് പാർട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ് ആണ് ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞത്. എഎപിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനല്ല. രാഷ്‌ട്രീയ കോട്ടകള്‍ ഞങ്ങള്‍ അന്വേഷിക്കും, അവ കീഴടക്കാൻ ശ്രമിക്കും, 15 വർഷമായി ഞങ്ങള്‍ സർക്കാരില്‍ തുടരുന്ന സ്ഥലമാണ് ദല്‍ഹിയെന്നും അവർ ഉറച്ചു പറഞ്ഞു.
കൂടാതെ തങ്ങളുടെ ഉത്തരവാദിത്വം ആവേശകരമായ ഒരു പ്രചാരണം നടത്തുകയും ഈ തിരഞ്ഞെടുപ്പില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലിലും കഴിയുന്നത്ര ശക്തമായി മത്സരിക്കുകയും ചെയ്യുക എന്നതാണെന്നും സുപ്രിയ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഇൻഡി ബ്ലോക്ക് സഖ്യകക്ഷിയായ എഎപി ദേശീയ തലസ്ഥാനത്ത് തുടർച്ചയായ മൂന്നാം തവണയും വിജയിക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടപ്പോഴാണ് ശ്രീനേറ്റിന്റെ രൂക്ഷ വിമർശനം വന്നത്.
ബിജെപിയെ പരാജയപ്പെടുത്താനും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനും ഉദ്ദേശിച്ചുള്ള ഇൻഡി ബ്ലോക്കിന്റെ നേതൃത്വത്തെച്ചൊല്ലി കോണ്‍ഗ്രസിനെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടയിലാണ് ദല്‍ഹിയില്‍ ഈ പരാജയം സംഭവിച്ചിരിക്കുന്നത്.