Fri. Mar 29th, 2024

‘ഈശോ’ പേരിന് അനുമതിയില്ല, അപേക്ഷ തള്ളി; സിനിമ പ്രഖ്യാപിക്കും മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഫിലിം ചേംബര്‍

By admin Aug 27, 2021 #filim
Keralanewz.com

ഈശോ സിനിമയുടെ പേരിന് അനുമതി തേടി നിര്‍മ്മാതാവ് നല്‍കിയ അപേക്ഷ ഫിലിം ചേംബര്‍ തള്ളി. സിനിമ പ്രഖ്യാപിക്കും മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. നിര്‍മ്മാതാവ് അംഗത്വം പുതുക്കിയില്ലെന്നതടക്കമുള്ള സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പേരിന് അനുമതി തേടിയുള്ള അപേക്ഷ ചേംബര്‍ നിരസിച്ചത്.

ഈശോ സിനിമ ഫിലിം ചേംബറില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. സിനിമയുടെ പേരുമായി ബന്ധപ്പെട്ടുള്ള വിവാദമടക്കം പരിഗണിക്കുകയോ പ്രതികരിക്കുകയോ വേണ്ടെന്ന് ഫിലിം ചേംബര്‍ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഈശോ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇടപെടില്ലെന്നും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഫിലിം ചേംബര്‍ അറിയിച്ചു

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രത്തിന്റെ പേരുയര്‍ത്തി നിരവധി വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ച നടന്‍ കുഞ്ചാക്കോ ബോബനെതിരെയും സൈബര്‍ ആക്രമണമുണ്ടായിരുന്നു.

ജയസൂര്യയെ നായകനാക്കി നാദിര്‍ഷായുടെ സംവിധാനത്തിലൊരുങ്ങിയ ഈശോക്കെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയുടെ പേര് മതവികാരം വ്രണപെടുത്തുന്നുവെന്ന് ചൂണ്ടികാട്ടി ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷനാണ് കോടതിയെ സമീപിച്ചത്. സിനിമയുടെ പേര് മാറ്റണമെന്ന് കത്തോലിക്ക കോൺഗ്രസ് ഉൾപ്പടെയുളള സംഘടനകള്‍ നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നു.

ഈശോ സിനിമയുടെ അണിയറ പ്രവർത്തകരെ പരോക്ഷമായി വിമർശിച്ച് കെ.സി.ബി.സിയും രംഗത്ത് വന്നിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യം മതവികാരത്തെ മുറിപ്പെടുത്താത്ത വിധമാകണമെന്നും ഉത്തരവാദിത്തപ്പെട്ടവർ തിരുത്തലുകൾ വരുത്തണമെന്നുമായിരുന്നു അവരുടെ ആവശ്യം

Facebook Comments Box

By admin

Related Post