കോണ്‍ഗ്രസില്‍ വീണ്ടും നേതൃമാറ്റ നീക്കവുമായി ഹൈക്കമാൻഡ്; സുധാകരന് പകരം പുതിയ കെപിസിസി അധ്യക്ഷൻ വന്നേക്കും
കണ്ണൂർ : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുൻപായി കെ സുധാകരനെ കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്നും മാറ്റാനുള്ള അണിയറ നീക്കം ശക്തമായി.
എഐസിസിയുടെ കേരളത്തിൻ്റെ ചുമതലയുള്ള ദീപ ദാസ് മുൻഷി നേതാക്കളില്‍ നിന്നും നടത്തിയ അഭിപ്രായ സർവേയില്‍ കെ സുധാകരനെ മാറ്റണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം.പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള ഗ്രൂപ്പ് പോരും സതീശൻ നയിച്ച മലയോര സമര ജാഥയില്‍ സംസ്ഥാന സർക്കാരിനെ പരോക്ഷമായി അനുകൂലിച്ച് കെ സുധാകരൻ നടത്തിയ പ്രസംഗവും ഹൈക്കമാൻഡിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. സുധാകരന് പകരം ബെന്നി ബഹനാനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കെ മുരളീധരൻ്റെ പേരും ഉന്നയിക്കുന്നവരുണ്ട്. വാർധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്ന കെ സുധാകരന് എം.പി സ്ഥാനവും കെ.പി.സി.സി അദ്ധ്യക്ഷ പദവിയും ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ പരിമിതികളുണ്ടെന്നാണ് നേതൃമാറ്റം ആവശ്യപ്പെടുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ഡല്‍ഹിയിലെ തോല്‍വിയുടെ പശ്ചാത്തലങ്ങളില്‍ സംസ്ഥാനങ്ങളിലെ പി.സി.സികള്‍ അഴിച്ചു പണിയാൻ ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാണ് താല്‍ക്കാലികമായി മരവിപ്പിച്ച കെ.പി.സി.സി പുന:സംഘടന വീണ്ടും കോണ്‍ഗ്രസില്‍ ചർച്ചയാകുന്നത്.