പി സി ജോര്‍ജിന് മോചനമില്ല; മെഡിക്കല്‍ കോളജിലെ തടവുകാരുടെ പ്രത്യേക സെല്ലില്‍ റിമാന്റില്‍
കോട്ടയം: പി സി ജോർജിനെ കോട്ടയം മെഡിക്കല്‍ കോളജിലെ തടവുകാരുടെ പ്രത്യേക സെല്ലിലേക്ക് മാറ്റാൻ കോടതിയുടെ നിർദ്ദേശം. ഇസിജിയില്‍ വ്യതിയാനം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പിസി ജോർജിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
ഇതിനു പിന്നാലെ കോട്ടയം മെഡിക്കല്‍ കോളജിലെ തടവുകാരുടെ പ്രത്യേക സെല്ലിലേക്ക് മാറ്റാൻ കോടതി നിർദേശിക്കുകയായിരുന്നു.
ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ കോടതി 14 ദിവസത്തേക്കാണ് ബിജെപി നേതാവ് പിസി ജോർജിനെ റിമാന്റ് ചെയ്യ്തത്. കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത ബിജെപി നേതാവ് പിസി ജോർജിനെ കോടതിയില്‍ ഹാജരാകുന്നതിന് മുൻപായി നടത്തിയ വൈദ്യ പരിശോധനയില്‍ ആരോഗ്യ പ്രശ്നം.
ഉയർന്ന രക്തസമ്മർദ്ദം ഉള്ളതിനാല്‍ രാത്രിയില്‍ ഓക്സിജൻ മാസ്ക് അടക്കമുള്ള സംവിധാനങ്ങള്‍ പി സി ജോർജിന് ആവശ്യമാണ്. ഇതിനുള്ള സൗകര്യം നിലവില്‍ പാലാ സബ് ജയിലില്‍ ഇല്ലാത്തതിനാലാണ് പി സി ജോർജിനെ കോട്ടയം മെഡിക്കല്‍ കോളജിലെ തടവുകാരുടെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്.
കോടതിയില്‍ കീഴടങ്ങിയ പിസി ജോര്‍ജിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്റ് ചെയ്തത്. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ കോടതി പിസി ജോര്‍ജിനെ വൈകുന്നേരം ആറ് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോര്‍ജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം പിസി ജോര്‍ജ് തേടിയിരുന്നു.
ജനുവരി 5ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ പിസി ജോര്‍ജ് മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.