കെജ്രിവാള്‍ രാജ്യസഭയിലേക്ക്; സഞ്ജീവ് അറോറ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി, തിരക്കിട്ട നീക്കം
ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ രാജ്യസഭാ എംപിയാകും. പഞ്ചാബില്‍ നിന്നുള്ള ഒഴിവില്‍ അദ്ദേഹം മല്‍സരിക്കുമെന്നാണ് വിവരം.
രാജ്യസഭാ എംപിയായിരുന്ന സഞ്ജീവ് അറോറ പഞ്ചാബില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. സഞ്ജീവ് അറോറയുടെ ഒഴിവില്‍ ഇനി കെജ്രിവാള്‍ രാജ്യസഭയില്‍ എത്തിയേക്കും.
വര്‍ഷങ്ങളായി ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു കെജ്രിവാള്‍. ഇക്കഴിഞ്ഞ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റു. ഇതോടെയാണ് കെജ്രിവാള്‍ രാജ്യസഭാ എംപിയാകുമെന്ന പ്രചാരണമുണ്ടായത്. തൊട്ടുപിന്നാലെ സഞ്ജീവ് അറോറ എംപി സ്ഥാനം ഒഴിയുക കൂടി ചെയ്യുന്നതോടെ ചര്‍ച്ചകള്‍ ശരിയാണ് എന്ന പ്രതീതി വന്നിട്ടുണ്ട്.
ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എഎപി എംഎല്‍എ ആയിരുന്നു ഗുര്‍പ്രീത് ഗോഗി. തന്റെ പിസ്റ്റള്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി മരിക്കുകയായിരുന്നു. തുടര്‍ന്നാണ് ലുധിയാന വെസ്റ്റ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സഞ്ജീവ് അറോറ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഇന്ന് രാവിലെ എഎപി നേതൃത്വം പ്രസ്താവന ഇറക്കുകയായിരുന്നു.
ബിസിനസുകാരനായ സഞ്ജീവ് അറോറ 2022ലാണ് പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എംപിയായത്. 2028 അവസാനം വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. എന്നിട്ടും രാജിവച്ച് പഞ്ചാബ് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെജ്രിവാള്‍ രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്ന അഭ്യൂഹം എഎപി നിഷേധിച്ചു. ഇക്കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ് എന്ന് മാത്രമാണ് പ്രതികരണം.
ലുധിയാന വെസ്റ്റ് മണ്ഡലത്തില്‍ ജനവിധി തേടാന്‍ അവസരം തന്ന എഎപി നേതൃത്വത്തിന് സഞ്ജീവ് അറോറ നന്ദി പറഞ്ഞു. ജയിച്ചാല്‍ സഞ്ജീവ് അറോറ പഞ്ചാബില്‍ മന്ത്രിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കെജ്രിവാളിന് വേണ്ടി രാജ്യസഭാ സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നതിന് പ്രത്യുപകാരമായിട്ടാണ് മന്ത്രിസ്ഥാനം എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പത്ത് വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രി പദം അലങ്കരിച്ച കെജ്രിവാള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് രാജിവച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞ കെജ്രിവാള്‍ പഞ്ചാബില്‍ നിന്നുള്ള എംപി അശോഖ് മിത്തലിന്റെ വസതിയിലാണ് കഴിയുന്നത്. ഇനി രാജ്യസഭാ എംപിയാകുന്നതോടെ കെജ്രിവാള്‍ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ബിജെപിയുടെ പര്‍വേശ് വര്‍മയോടാണ് കെജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ തോറ്റത്. എഎപിയുടെ അതിഷിയാണ് നിലവില്‍ ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ്. ഡല്‍ഹി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതകളാണ് എന്ന പ്രത്യേകതയും ഇപ്പോഴുണ്ട്. ഡല്‍ഹി ഭരണം നഷ്ടമായതോടെ കെജ്രിവാളിന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് പലവിധ ചോദ്യങ്ങള്‍ ഉയരവെയാണ് രാജ്യസഭയിലേക്കുള്ള വരവിന് വഴി തെളിഞ്ഞിരിക്കുന്നത്.