വഖഫ് ഭേദഗതിക്ക് ഭരണഘടന സാധുതയില്ല; സുപ്രീം കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ രണ്ട് സഭകളും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന്റെ ഭരണഘടനാ സാധുതയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ്.
ഇതിനായി എത്രയും പെട്ടെന്ന് തന്നെ സുപ്രീം കോടതിയെ സമീപിക്കും എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എ ഐ സി സി ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യന്‍ ഭരണഘടനയില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങള്‍, വ്യവസ്ഥകള്‍, സമ്ബ്രദായങ്ങള്‍ എന്നിവയ്ക്കെതിരായ മോദി സര്‍ക്കാരിന്റെ എല്ലാ ആക്രമണങ്ങളെയും ഞങ്ങള്‍ ചെറുക്കുന്നതും തുടരും,’ അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുത്ത പല ചട്ടങ്ങള്‍ക്കെതിരേയും കോണ്‍ഗ്രസ് നടത്തിയ നിയമപോരാട്ടത്തെ ഓര്‍മിപ്പിച്ച് കൊണ്ടായിരുന്നു ജയ്‌റാം രമേശിന്റെ ട്വീറ്റ്.
‘ 2019 ലെ സിഎഎയെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതിയിലാണ്. 2005 ലെ ആര്‍ടിഐ നിയമത്തിലെ 2019 ലെ ഭേദഗതികള്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതിയില്‍ കേള്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ (2024) ഭേദഗതികളുടെ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീം കോടതിയിലാണ്. 1991 ലെ ആരാധനാലയ നിയമത്തിന്റെ അക്ഷരവും ആത്മാവും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഹര്‍ജിയുമുണ്ട്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
13 മണിക്കൂറിലധികം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ഇന്നലെയാണ് രാജ്യസഭ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. പ്രതിപക്ഷത്തിന്റെ ശക്തമായ വിയോജിപ്പോടെയാണ് ബില്‍ പാസായത്. രാജ്യസഭയില്‍ വഖഫ് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നത്. ബില്ലിനെ മുസ്ലീം വിരുദ്ധം എന്നും ഭരണഘടനാ വിരുദ്ധം എന്നുമാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്.
എന്നാല്‍ ചരിത്രപരമായ പരിഷ്‌കാരമാണ് ഇത് എന്നും ന്യൂനപക്ഷ സമൂഹത്തിന് ഗുണം ചെയ്യുമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടേയും പ്രതികരണം. രാജ്യസഭയില്‍ 128 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 95 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 288 അംഗങ്ങള്‍ ആണ് വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചത്. 232 അംഗങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു.
അതേസമയം വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയത് ചരിത്ര നിമിഷം ആണ് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. വഖഫ് നിയമത്തിലെ ഭേദഗതി മുസ്ലീം സമുദായത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശബ്ദം നല്‍കുകയും വഖഫ് സ്വത്തുക്കളുടെ മാനേജ്മെന്റില്‍ സുതാര്യത വര്‍ധിപ്പിക്കുകയും ചെയ്യും എന്ന് മോദി പറഞ്ഞു.