നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്തു സംഭവിച്ചാലും പൂർണ്ണ ഉത്തരവാദിത്വം കോണ്‍ഗ്രസിന് ; അന്‍വര്‍ വിഷയത്തില്‍ കയ്യൊഴിഞ്ഞു മുസ്ലീം ലീഗ്
മലപ്പുറം: പി.വി.അന്‍വറിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് സമ്മര്‍ദ്ദമുണ്ടാക്കി മുസ്‌ലീംലീഗും.
നിലമ്ബൂരില്‍ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനായിരിക്കുമെന്ന് വിലയിരുത്തല്‍. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് എല്‍ഡിഎഫില്‍ നിന്നും പുറത്തുവരികയും നിലമ്ബൂരിലെ എംഎല്‍എ സ്ഥാനം രാജി വെയ്ക്കുകയും ചെയ്തതിന് പിന്നാലെ പി.വി. അന്‍വറിനെ സംരക്ഷിച്ചു നിര്‍ത്തുന്നത് മുസ്‌ളീംലീഗായിരുന്നു.
എന്നാല്‍ അന്‍വറിന്റെ യുഡിഎഫ് പ്രവേശത്തിന് കോണ്‍ഗ്രസ് എതിര്‍ത്ത് നില്‍ക്കുമ്ബോള്‍ ഇനി എന്തു സംഭവിച്ചാലും തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്ന നിലപാടിലാണ് മുസ്‌ളീംലീഗ്. അന്‍വര്‍ എല്‍ഡിഎഫ് വിട്ടതിന് പിന്നാലെ തങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളിലും വേദികളിലും അന്‍വറിനെ എത്തിച്ചത് ലീഗായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി, സാദിഖ് തങ്ങള്‍ പങ്കെടുക്കുന്ന വേദിയിലേക്ക് ലീഗ് അന്‍വറിനെ എത്തിച്ചിരുന്നു.
അന്‍വറിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പല തവണ കുഞ്ഞാലിക്കുട്ടി മദ്ധ്യസ്ഥത വഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും അന്‍വറും കോണ്‍ഗ്രസും രണ്ടു തട്ടിലായതോടെയാണ് പ്രശ്‌നം പരിഹരിക്കാനുള്ള നടപടികളില്‍ നിന്നും മുസ്‌ളീംലീഗ് പിന്മാറിയത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏഴു തവണയോളം കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നു. അന്‍വറിനെ യുഡിഎഫിന്റെ അസോസിയേറ്റ് കക്ഷിയായി നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അന്‍വറുമായി ഒരു ചര്‍ച്ചയും വേണ്ടെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എടുത്തിരിക്കുന്നത്.
പല തവണ മദ്ധ്യസ്തത വഹിച്ചു ഇനി ഇനി ഒരു ഇടപെടലിനും ഇല്ലെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് ഇനി എന്തു സംഭവിച്ചാലും അതിന്റെ ഉത്തരാദിത്വവും അതോടൊപ്പം നിലമ്ബൂര്‍ തെരഞ്ഞെടുപ്പില്‍ എന്തു ഫലം ഉണ്ടായാലും അതിന്റെ ഉത്തരവാദിത്വം കൂടി കോണ്‍ഗ്രസിനായിരിക്കുമെന്നും ലീഗ് പറഞ്ഞു. നിലവില്‍ വി.ഡി. സതീശന്‍ അല്ലാത്ത മുതിര്‍ന്ന നേതാക്കള്‍ വഴി യുഡിഎഫ് പ്രവേശന ചര്‍ച്ച കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിച്ചേക്കുമെന്നാണ് സൂചന.