Fri. Mar 29th, 2024

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ പരിഹാരം ഉടൻ: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

By admin Aug 31, 2021 #news
Keralanewz.com

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ പരിഹാരം ഉടൻ: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം കാണുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വകുപ്പിന്റെ പരാതി ബോധിപ്പിക്കാനുള്ള ആപ്പ് ആയ ‘പി.ഡബ്ല്യു.ഡി. ഫോർ യു’ വഴി പതിനായിരത്തിലധികം പരാതികൾ ഇതുവരെ ലഭിച്ചതായും ഇവ എല്ലാംതന്നെ പരിശോധിച്ചു പരിഹാരം കാണാൻ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുളത്തൂർ, കാരോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

‘പി.ഡബ്ല്യു.ഡി. ഫോർ യു’ ആപ്പ് വഴി ലഭിച്ച പരാതികളിൽ നാഷണൽ ഹൈവേ അതോറിറ്റിയുമായും തദ്ദേശ സ്ഥാപനങ്ങളുമായും ബന്ധപ്പപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി അതത് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. പരിഹാരം കണ്ട പരാതികൾ പൊതുജനങ്ങളുടെ ശ്രദ്ധയിലേക്കായി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന വികസനത്തിനും റോഡുകളുടെ നവീകരണത്തിനും പി.ഡബ്ല്യു.ഡി പ്രഥമ പരിഗണന നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന വികസനം ടൂറിസം വികസനത്തിനും അത്യന്താപേക്ഷിതമാണ്. എല്ലാ പഞ്ചായത്തിലും രണ്ടിൽ കുറയാത്ത ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കണ്ടെത്തി നവീകരിച്ച് പ്രവർത്തനമാരംഭിക്കും. ആഭ്യന്തര ടൂറിസത്തിന്റെ പ്രോത്സാഹനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നെയ്യാറ്റിൻകര താലൂക്കിലെ കുരിശുമല, കാളിപ്പാറ, നെയ്യാർഡാം, ഈരാറ്റുപുറം, പൂവാർ, അരുവിപ്പുറം തുടങ്ങിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ ബന്ധിപ്പിച്ച് ടൂറിസം സർക്കിൾ രൂപീകരിക്കാനുള്ള പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മൂന്നു കോടി രൂപ ചെലവിൽ നവീകരിച്ച ഉച്ചക്കട-ഊരവംവിള റോഡ്, 1.99 കോടി രൂപ ചെലവിൽ നവീകരിച്ച ഉച്ചക്കട-പൊഴിയൂർ റോഡ് എന്നിവയുടെ ഉദ്ഘാടനവും 1.70 കോടി രൂപ ചെലവിട്ട് നവീകരിക്കുന്ന ചാരോട്ടുകോണം- പഴയ ഉച്ചക്കട-കാക്കവിള റോഡിന്റെ നവീകരണ പ്രവർത്തിയുടെ ഉദ്ഘാടനവുമാണു മന്ത്രി നിർവഹിച്ചത്. കെ. ആൻസലൻ എംഎൽഎ അധ്യക്ഷനായ പരിപാടിയിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെൻ ഡാർവിൻ മുഖ്യ അതിഥിയായി. ഉച്ചക്കട വിജ്ഞാന പ്രദായിനി ഗ്രന്ഥശാല അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ-ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook Comments Box

By admin

Related Post