Fri. Apr 19th, 2024

അറുപതോളം വിദ്യാർഥികളുള്ള ബാച്ചുകളെ രണ്ടാക്കി ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ; രണ്ടു സമയങ്ങളിലായാണ് ഷിഫ്റ്റുകളെങ്കിൽ അതിനനുസരിച്ച് അധ്യാപകരെ നിയോഗിക്കുന്നതിലും തീരുമാനമെടുക്കണം;ക്ലാസ് നടത്തൽ ഉൾപ്പെടെയുള്ളവ സംബന്ധിച്ച് സർക്കാർ ആലോചനകൾ ആരംഭിച്ചു

By admin Sep 9, 2021 #news
Keralanewz.com

തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ നാലിന്‌ തുറക്കാൻ തീരുമാനിച്ചതോടെ ക്ലാസ് നടത്തൽ ഉൾപ്പെടെയുള്ളവ സംബന്ധിച്ച് സർക്കാർ ആലോചനകൾ ആരംഭിച്ചു. ബിരുദ, ബിരുദാനന്തര ബിരുദ വിഭാഗത്തിലെ അവസാനവർഷ ക്ലാസുകളാണ് ആരംഭിക്കുന്നത്. അവസാനത്തെ രണ്ടു സെമസ്റ്ററുകളിലെ വിദ്യാർഥികൾക്ക് കോളേജുകളിൽ എത്താം. കൂടുതൽ വിദ്യാർഥികളുള്ള ബാച്ചുകളെ രണ്ടാക്കി, ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തും. വെള്ളിയാഴ്ച ചേരുന്ന പ്രിൻസിപ്പൽമാരുടെ യോഗത്തിനുശേഷമാകും അന്തിമതീരുമാനം.

അറുപതോളം വിദ്യാർഥികളുള്ള ബാച്ചുകളെ രണ്ടാക്കി ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്തണോ അതോ എല്ലാദിവസവും രണ്ടുസമയങ്ങളിലായി നടത്തണോയെന്ന കാര്യം തീരുമാനിക്കേണ്ടതുണ്ട്. രണ്ടു സമയങ്ങളിലായാണ് ഷിഫ്റ്റുകളെങ്കിൽ അതിനനുസരിച്ച് അധ്യാപകരെ നിയോഗിക്കുന്നതിലും തീരുമാനമെടുക്കണം.

ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കുമാണ് കോളേജുകളിൽ എത്താനാവുക. കോളേജുതലത്തിൽത്തന്നെ വാക്സിൻ ലഭ്യമാക്കുന്ന കാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്. കോളേജ് തുറന്നാലും ക്ലാസുകളിൽ ഉൾപ്പെടെ സാമൂഹിക അകലം പാലിക്കുന്നത് നിർബന്ധമാക്കും. ഇതിനായി ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കും. പോളിടെക്‌നിക്, എൻജിനിയറിങ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകൾ എന്നിവിടങ്ങളിലെ അവസാനവർഷ വിദ്യാർഥികൾക്കായി ഒക്ടോബർ നാലുമുതൽ ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞദിവസമാണ് സർക്കാർ തീരുമാനിച്ചത്.

Facebook Comments Box

By admin

Related Post