Wed. Apr 24th, 2024

സിനിമാ സംവിധായകനെന്ന വ്യാജേന കടയിലെത്തി പതിനഞ്ചുകാരിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയെ പോലീസ്‌ സാഹസികമായി പിടികൂടി

By admin Sep 19, 2021 #news
Keralanewz.com

പാലാ: സിനിമാ സംവിധായകനെന്ന വ്യാജേന കടയിലെത്തി പതിനഞ്ചുകാരിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയെ പോലീസ്‌ സാഹസികമായി പിടികൂടി. മല്ലപ്പള്ളി കൈപ്പട്‌ ആലുംമൂട്ടില്‍ രാജേഷ്‌ ജോര്‍ജി(47) നെയാണു പിടികൂടിയത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നിനു മുരുക്കുംപുഴയിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അമ്മയാണ്‌ കട നടത്തുന്നത്‌. കുട്ടിയെ കടയിലിരുത്തി അമ്മ പുറത്തുപോയ സമയത്താണ്‌ യുവാവ്‌ അതിക്രമം കാണിച്ചത്‌.
കടയിലെത്തിയ രാജേഷ്‌ താന്‍ സിനിമാ സംവിധായകനാണെന്നും പുതിയ സിനിമയിലേക്ക്‌ അഭിനയിക്കാന്‍ ആളെ ആവശ്യമുണ്ടെന്നും അമ്മയുടെ സമ്മതപ്രകാരമാണ്‌ കുട്ടിയെ കാണാന്‍ എത്തിയതെന്നും അറിയിച്ചു. തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ ശരീരത്തിന്റെ അളവുകള്‍ എടുക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി കടയില്‍നിന്നിറങ്ങി ഓടി. ഈ തക്കത്തിനു രാജേഷും കടന്നുകളഞ്ഞു.
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ സംഭവസ്‌ഥലത്തെത്തിയ സി.ഐ: കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം കുട്ടിയോട്‌ വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം പ്രതിക്കായി തിരച്ചില്‍ തുടങ്ങി. പോലീസ്‌ വേഷത്തിലും മറ്റൊരു സംഘമായി സിഐ തോംസണ്‍, ഷെറിന്‍, ബിജു പി. തോമസ്‌, സ്‌റ്റീഫന്‍ എന്നിവര്‍ മഫ്‌തിയിലും തിരച്ചില്‍ ആരംഭിച്ചു. ടാക്‌സി വാഹനത്തില്‍ പെണ്‍കുട്ടിയെയും അമ്മയെയും കൂട്ടി മഫ്‌തിയിലുള്ള സംഘം നഗരത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി.
ബസ്‌സ്‌റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ തിരച്ചില്‍ നടത്തുന്നതിനിടെ കെ.എസ്‌.ആര്‍.ടി.സി ഭാഗത്തേക്ക്‌ നടന്നുപോകുന്ന രാജേഷിനെ കുട്ടി തിരിച്ചറിഞ്ഞു. തുടര്‍ന്ന്‌ തന്ത്രപൂര്‍വ്വം ഇയാളെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ പോക്‌സോ വകുപ്പുകൂടി ചേര്‍ത്ത്‌ കേസെടുക്കുമെന്നു പോലീസ്‌ അറിയിച്ചു. കീഴ്‌വായ്‌പൂര്‌ പോലീസ്‌ ഗുണ്ടാലിസ്‌റ്റില്‍പെടുത്തിയിട്ടുള്ള ഇയാള്‍ 18 ഓളം കേസുകളില്‍ പ്രതിയാണ്‌.
മൂവാറ്റുപുഴ, കടയ്‌ക്കല്‍, പൂയപ്പള്ളി, കീഴ്‌വായ്‌പൂര്‌, ആറന്മുള, ആറ്റിങ്ങല്‍, കിളിമാനൂര്‍, ഹില്‍ പാലാസ്‌, തോപ്പുംപടി തുടങ്ങിയ സ്‌ഥലങ്ങളിലും രാജേഷിനെതിരേ സമാന കേസുകളുണ്ടെന്നു സി.ഐ: കെ.പി. തോംസണ്‍ അറിയിച്ചു

Facebook Comments Box

By admin

Related Post