പാലത്തിന് അടിയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കാനുള്ള ശ്രമം റിപോര്‍ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

Spread the love
       
 
  
    

ഭുവനേശ്വര്‍: ( 24.09.2021) പാലത്തിന് അടിയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കാനുള്ള ശ്രമം റിപോര്‍ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ടു. ഒഡീഷയിലെ ഒടിവി റിപോര്‍ടര്‍ അരിന്ദം ദാസ് ആണ് മരണപ്പെട്ടത്.

മുണ്ടാലിയിലെ മഹാനദിയിലായിരുന്നു സംഭവം. ആനയെ രക്ഷപ്പെടുത്താന്‍ നദിയില്‍ ഇറങ്ങിയ ഒറീസ ദുരന്ത നിവാരണ സേനയുടെ ബോടിലാണ് അരിന്ദം ദാസും ക്യാമറമാനും ഉണ്ടായിരുന്നത്. ഈ ബോട് ആനയ്ക്ക് അടുത്ത് എത്തുന്നതിന് മുന്‍പ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.

മുണ്ടാലിയില്‍ വെള്ളിയാഴ്ച രാവിലെ മഹാനദി മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഏഴ് ആനകള്‍ വെള്ളത്തില്‍ ഒലിച്ചുപോയത്. ഇതില്‍ ഒരു കൊമ്ബന്‍ മുണ്ടാലി പാലത്തിന് അടിയില്‍ കുടുങ്ങി. ബാക്കി ആനകള്‍ കട്ടക്ക് ജില്ലയിലെ അത്താഗഢ് ബ്ലോകിലെ നൂആസാനില്‍ കരയ്ക്കടുത്തിരുന്നു.

തുടര്‍ന്ന് പാലത്തിന് അടിയില്‍ കുടുങ്ങിയ കൊമ്ബനെ രക്ഷിക്കാന്‍ ഒഡീഷ ദുരന്ത നിവാരണ സേന ദൗത്യം ആരംഭിച്ചതിന് പിന്നാലെയാണ് റിപോര്‍ടറുടെ ദാരുണാന്ത്യം. ബോടില്‍ അരിന്ദം ദാസ് അടക്കം ഏഴുപേരാണ് ഉണ്ടായത്. അരിന്ദം ദാസിനെയും, ക്യാമറമാനെയും ദുരന്ത നിവാരണ സേന ഉടന്‍ കരയ്‌ക്കെത്തിച്ചെങ്കിലും ഇരുവരുടെയും നില ഗുരുതരമായിരുന്നു.

അതേസമയം ക്യാമറമാന്‍ അപകടനില തരണം ചെയ്തുവെന്നാണ് റിപോര്‍ട്. ഇയാള്‍ ഇപ്പോഴും ഐസിയുവില്‍‍ തുടരുകയാണ്. മൂന്ന് ദുരന്ത നിവാരണ സേന അംഗങ്ങളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്.

Facebook Comments Box

Spread the love