Sat. Apr 20th, 2024

വിവാഹസദ്യ കഴിക്കാന്‍ വരന്‍ അനുവദിച്ചില്ല ; വിവാഹഫോട്ടോകള്‍ എല്ലാം ഡിലീറ്റ് ചെയ്ത് പ്രതികാരം ചെയ്തു ഫോട്ടോഗ്രാഫര്‍

By admin Oct 4, 2021 #news
Keralanewz.com

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി ഓടിക്കൊണ്ടിരിക്കുന്ന ഒരു കുറിപ്പ് ആണ് ഈ വാര്‍ത്തയ്ക്ക് ആധാരം. ഫോട്ടോഗ്രാഫര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തി തന്നെയാണ് @Icy-Reserve6995 എന്ന ഹാന്‍ഡിലില്‍ റെഡിറ്റ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ സംഭവം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ഇട്ട വ്യക്തി പറഞ്ഞത് അനുസരിച്ചു വരന്‍ ഇയാളുടെ അടുത്ത സുഹൃത്ത് ആണ്. ആള്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ഒന്നുമല്ല. ഫോട്ടോഗ്രാഫി പാഷനായി കൊണ്ട് നടക്കുന്ന ഒരു നായപ്രേമിയാണ്. സ്വന്തം നായയുടെ ചിത്രങ്ങള്‍ ആണ് പുള്ളി ഏറ്റവും കൂടുതല്‍ എടുക്കുന്നതും. ഇതൊക്കെ കണ്ടു ഇഷ്ടമായ ഒരു സുഹൃത്ത് ആണ് അയാളുടെ വിവാഹ ഫോട്ടോകള്‍ എടുക്കാന്‍ ഇയാളെ ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ തനിക്ക് വിവാഹ ഫോട്ടോകള്‍ എടുത്തു ശീലം ഇല്ല എന്ന് പറഞ്ഞു ഒഴിയാന്‍ ശ്രമിച്ചു എങ്കിലും സുഹൃത്ത് വിട്ടില്ല. ചെറിയ ഒരു തുക നല്‍കാം എന്ന് സുഹൃത്ത് പറഞ്ഞത് അനുസരിച്ചാണ് ഇയാള്‍ ഫോട്ടോ എടുക്കാന്‍ സമ്മതിക്കുന്നത്. എന്നാല്‍ വിവാഹ ദിവസം സുഹൃത്തിന്റെ മറ്റൊരു മുഖമാണ് ഇയാള്‍ക്ക് കാണുവാന്‍ കഴിഞ്ഞത്.

പോസ്റ്റിന്റെ പൂര്‍ണ്ണമായ വിവര്‍ത്തനം :

ഫോട്ടോഗ്രാഫി പാഷനായി കൊണ്ട് നടക്കുന്ന ഒരു നായപ്രേമിയാണ്. സ്വന്തമായി ഒരു കെന്നല്‍ ഉള്ള ഇയാള്‍ നായ്ക്കളുടെ ചിത്രങ്ങള്‍ എടുത്ത് ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും പങ്കുവെക്കാറുണ്ടായിരുന്നു. ഈ ചിത്രങ്ങളുടെ പെര്‍ഫെക്ഷന്‍ കണ്ടിട്ടാണ് പണം ലഭിക്കാന്‍ വേണ്ടി ഇയാളുടെ സുഹൃത്ത് വിവാഹത്തിന് ചിത്രങ്ങള്‍ എടുക്കാമോ എന്ന് ഇയാളോട് ചോദിക്കുന്നത്. അങ്ങനെ ഒരു ആവശ്യം പറഞ്ഞപ്പോള്‍ തന്നെ ടിയാന്‍, വിവാഹത്തിന്റെ

ചിത്രങ്ങള്‍ എടുത്തൊന്നും പരിചയമില്ല, പെര്‍ഫെക്ഷന്‍ കിട്ടില്ല എന്ന് മറുപടി കൊടുക്കുന്നു. സാരമില്ല, 15000 രൂപ തരാം എന്ന് സ്‌നേഹിതന്‍ നിര്‍ബന്ധം പിടിച്ചതോടെ അയാള്‍ ആ പണി ഏറ്റെടുക്കുന്നു.

വിവാഹം നടക്കുന്ന ദിവസം രാവിലെ 11 മണി മുതല്‍ ഇയാള്‍ വധുവിന്റെ കൂടെ പല ചടങ്ങുകള്‍ക്കുമായി മാറിമാറി ഓടി നടന്ന് പല പോസുകളിലുള്ള ഫോട്ടോകള്‍ എടുക്കുന്നു. അപ്പോഴൊന്നും അയാള്‍ക്ക് കഴിക്കാന്‍ ഭക്ഷണം കിട്ടുന്നില്ല. വൈകുന്നേരം അഞ്ചുമണിയോടെ അവര്‍ വെഡിങ് റിസപ്ഷന്‍ നടക്കുന്ന മണ്ഡപത്തില്‍ എത്തുന്നു. വൈകുന്നേരം 5 മണിയോടെ ഫുഡ് കൗണ്ടര്‍ തുറന്ന് നല്ല ചിക്കന്റെ മണം മൂക്കില്‍ അടിച്ചു തുടങ്ങിയതോടെ അത്രയും നേരമായി വിശന്നിരുന്ന ഫോട്ടോഗ്രാഫറുടെ വിശപ്പ് ഇരട്ടിക്കുന്നു.

‘ഈ അവസരത്തില്‍ ഒരു സുഹൃത്തില്‍ നിന്ന് നിങ്ങള്‍ ഒരിത്തിരി മനുഷ്യപ്പറ്റ് പ്രതീക്ഷിക്കില്ലേ?’ ഫോട്ടോഗ്രാഫര്‍ തന്റെ പോസ്റ്റില്‍ ചോദിക്കുന്നു. അതിഥികളെ ഓരോരുത്തരെയായി വരന്റെ ബന്ധുക്കള്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു കൊണ്ടുപോവുന്നത് അയാള്‍ അക്ഷമനായി നോക്കി നില്‍ക്കുന്നു. ഇപ്പോള്‍ തന്നോടും കഴിച്ചു കൊള്ളാന്‍ പറയും എന്നുകരുതി ഏറെനേരം അക്ഷമനായി കാത്തിരുന്നിട്ടും ഫോട്ടോഗ്രാഫറെ മാത്രം ആരും ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നില്ല. ഒടുവില്‍, കുടിക്കാന്‍ കൊടുത്തിരുന്ന രണ്ടു കുപ്പി വെള്ളവും കുടിച്ചു തീര്‍ന്നതോടെ ഫോട്ടോഗ്രാഫര്‍ക്ക് ക്ഷമ കെട്ടു. ‘പുല്ല്, ഫോട്ടോ പിടിക്കാം എന്ന് ഏല്‍ക്കേണ്ടിയില്ലായിരുന്നു. വിളിച്ച കല്യാണം കൊണ്ടാണ് സുഹൃത്ത് എന്ന പേരില്‍ ചുമ്മാ വന്നാല്‍ മതിയായിരുന്നു ‘ എന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങുന്നു.

വിശന്നു വിശന്ന് ഒടുവില്‍ ഗതികേട്ടപ്പോള്‍ അയാള്‍, തന്റെ സ്‌നേഹിതനായ വരന്റെ അരികില്‍ ചെന്ന്, തനിക്ക് ഭക്ഷണം കഴിച്ചിട്ട് വരാന്‍ ഒരു 20 മിനിറ്റ് സമയം അനുവദിക്കണം എന്ന് പറയുന്നു. ഈ ആവശ്യം പക്ഷേ, വരന്‍ അംഗീകരിക്കുന്നില്ല. ‘നിന്നെ ഫോട്ടോഗ്രാഫര്‍ ആയിട്ടാണ് വിളിച്ചിട്ടുള്ളത്. മുഴുവന്‍ സമയവും നിന്ന് ഫോട്ടോ

എടുത്തേ പറ്റൂ. ചടങ്ങു കഴിയും വരെ ഭക്ഷണം കഴിക്കാനൊന്നും പോവാന്‍ പറ്റില്ല. ഒരൊറ്റ ഫോട്ടോ മിസ്സായാല്‍ അഞ്ചു പൈസ തരില്ല എന്ന് ഫോട്ടോഗ്രാഫറുടെ മുഖത്തു നോക്കി വരന്‍ പറഞ്ഞു. ഈ മറുപടി കേട്ടതോടെയാണ് തന്റെ സകല നിയന്ത്രണവും വിട്ടുപോയത് എന്നും, ‘പൈസ തരില്ല എന്ന് നീ തീരുമാനിച്ചോ?’ എന്ന് ചോദിച്ച്, ‘തരില്ല ‘ എന്ന മറുപടി കിട്ടിയപ്പോള്‍, താന്‍ സ്‌നേഹിതന്റെ കണ്മുന്നില്‍ വെച്ചുതന്നെ, അതുവരെ എടുത്ത വിവാഹത്തിന്റെ ചിത്രങ്ങള്‍ എല്ലാം ഡിലീറ്റ് ചെയ്ത് മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോരുകയാണ് ഉണ്ടായത് എന്നാണ് ഫോട്ടോഗ്രാഫര്‍ തന്റെ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. എന്തായാലും പോസ്റ്റിന്റെ അടിയില്‍ ഫോട്ടോഗ്രാഫറെ അനുകൂലിച്ചും ആക്ഷേപിച്ചും ധാരാളം ആളുകള്‍ ആണ് ഇപ്പോള്‍ കമന്റ് ഇടുന്നത്

Facebook Comments Box

By admin

Related Post