Wed. Apr 24th, 2024

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By admin Oct 10, 2021 #rain fall
Keralanewz.com

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും പരക്കെ അതിശക്തമായ മഴ ലഭിക്കും. ഈ സാഹചര്യത്തില്‍ ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലീലിറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ശക്തമായ മഴ തുടരാന്‍ സാദ്ധ്യതയുള്ള സാഹചര്യത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ അടുത്ത മൂന്ന് ദിവസവും ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മലയോര മേഖലയില്‍ രാത്രികാല യാത്ര നിരോധിച്ചതായും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇന്ന് ഉച്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം. ഇതിന്റെ ഫലമായി ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരമേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post