സ്പെയർ പാർട്സില്ല ; സംസ്ഥാനത്ത് 104 കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്ത്
തിരുവനന്തപുരം :
കെ.എസ്.ആര്‍.ടി.സിയുടെ നൂറുകോടിയോളം രൂപ വിലമതിക്കുന്ന ലോ ഫ്ലോര്‍ ബസുകള്‍ കട്ടപ്പുറത്ത്. പതിനൊന്ന് ഡിപ്പോകളിലായി 104 ബസുകളാണ് അറ്റകുറ്റപ്പണി നടത്താതെയിട്ടിരിക്കുന്നത്.കട്ടപ്പുറത്തിരിക്കുന്നതില്‍ അറുപത് വാഹനങ്ങളും തിരുവനന്തപുരം ജില്ലയിലെ ഡിപ്പോകളിലാണ്.
കൊച്ചി തേവര ഡിപ്പോയില്‍ നിരന്നുകിടക്കുന്ന ഈ ബസുകളില്‍ ഇരുപത്തിയേഴെണ്ണം കട്ടപ്പുറത്താണ്. സ്പെയര്‍ പാര്‍ട്സില്ല. അറ്റകുറ്റപ്പണിയില്ല. സമാനമായ രീതിയില്‍ പതിനൊന്നു ഡിപ്പോകളിലായി 104 ബസുകളുണ്ട്. ഇതില്‍ എണ്‍പത്തിയേഴെണ്ണം വിദേശ നിര്‍മിത എ.സി ബസുകളും പതിനേഴെണ്ണം തദ്ദേശീയ വാഹനനിര്‍മാതാക്കളില്‍നിന്നുള്ള എ.സിയില്ലാത്ത ലോ ഫ്ലോര്‍ ബസുകളുമാണ്. വിദേശ കമ്പനികളുടെ വാഹനങ്ങള്‍ക്ക് ഒരെണ്ണത്തിന് ശരാശരി 98 ലക്ഷവും, നോണ്‍ എ.സി വാഹനങ്ങള്‍ക്ക് 39 ലക്ഷവുമാണ് വില. അതായത് കട്ടപ്പുറത്തിരിക്കുന്ന വാഹനങ്ങളുടെ മൂല്യം കണക്കാക്കിയാല്‍ 91 കോടി രൂപ. ആകെയുള്ള 509 ലോ ഫ്ലോര്‍ ബസുകളില്‍ 104 എണ്ണമാണ് കട്ടപ്പുറത്തിരിക്കുന്നതെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു