ഇടുക്കി ഡാം തുറക്കുന്നു; നാളെ രാവിലെ 11ന് ഷട്ടറുകള്‍ ഉയര്‍ത്തും, ജാഗ്രത

Keralanewz.com

കൊച്ചി : നീരൊഴുക്ക് ശക്തമായ  സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 11 മണിക്ക് തുറക്കാന്‍ തീരുമാനം. ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കണക്ക് അനുസരിച്ച് നാളെ രാവിലെ ഏഴുമണിക്ക് അപ്പര്‍ റൂള്‍ കര്‍വിലേത്തും. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ആറുമണിയോടെ ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. ഇടുക്കിയില്‍ നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഡാമിലെ ജലനിരപ്പ് നാളെ രാവിലെ  അപ്പര്‍ റൂള്‍ ലെവലായ 2398.86 അടിയില്‍ എത്തുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. നിലവില്‍ ഡാമില്‍ 2397.28 അടി വെള്ളമുണ്ട്. മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി സൂചിപ്പിച്ചിരുന്നു. ഇടമലയാര്‍ അണക്കെട്ടും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ചെറുതോണിയിലും ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തും മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് കൂടിയിട്ടുണ്ട്.  

ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ 

ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ നാളെ തുറക്കാനാണ് ഉന്നത തല സമിതി യോഗം തീരുമാനിച്ചത്. നാളെ രാവിലെ ആറുുമണിക്ക് രണ്ടു ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതം തുറക്കും. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഇടുക്കി തുറക്കുന്നതിന് മുന്നോടി

ഇടമലയാര്‍ ഡാമിലെ പരമാവധി ജല നിരപ്പ് 169 മീറ്ററും നിലവിലെ വെള്ളത്തിന്റെ അളവ് 165.45 മീറ്ററുമാണ്. സാധാരണ നിലയില്‍ റെഡ് അലര്‍ട്ട് നല്‍കി, വെള്ളത്തിന്റെ അളവ് 166.80 മീറ്ററിന് മുകളില്‍ ആകുന്ന ഘട്ടത്തില്‍ മാത്രമാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാറുള്ളത്.

എന്നാല്‍   ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ ഇടയുള്ളതിനാല്‍, രണ്ട് ഡാമുകളില്‍ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണം എന്ന നിലയിലാണ് ഇപ്പോള്‍ തന്നെ ഇടമലയാര്‍ ഡാമിലെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.


ജലം ഒഴുക്കുന്നത് 100 ക്യൂബിക് മീറ്റര്‍ / സെക്കന്റ് എന്ന  അളവില്‍

തുലാവര്‍ഷത്തോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയുമാണ് ഈ നടപടി. 100 ക്യൂബിക് മീറ്റര്‍ / സെക്കന്റ് അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പില്‍ പ്രതീക്ഷിക്കുന്നില്ല. എങ്കിലും  പുഴയുടെയും കൈവഴികളുടെയും സമീപത്ത്  താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണം. 

പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു. ഇതു സംബന്ധിച്ച വിവരങ്ങള്‍ക്കായി വില്ലേജ് ഓഫീസുകള്‍, തദ്ദേശ സ്ഥാപനം എന്നിവയുമായി ബന്ധപ്പെടണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.  കോവിഡ് രോഗികളെയും, കോവിഡ് നിരീക്ഷണത്തിലുള്ളവരെയും കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

Facebook Comments Box