Tue. Apr 23rd, 2024

സംസ്ഥാനത്തെ കോഴി കര്‍ഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്‍റെ ‘അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ’ വിപണിയിലേക്ക്

By admin Jun 16, 2021 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്തെ കോഴി കര്‍ഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്‍റെ ‘അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ’ വിപണിയില്‍ എത്തുന്നു. എട്ട് മുതല്‍ 20 ആഴ്ച വരെ പ്രായമുള്ള മുട്ടക്കോഴികള്‍ക്കുള്ള തീറ്റയായ ‘അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ’ മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി പുറത്തിറക്കി. മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കേരള ഫീഡ്സ് ബ്രാന്‍ഡ് അംബാസഡര്‍ ചലച്ചിത്ര താരം ജയറാം ഓണ്‍ലൈനായി പങ്കെടുത്തു.

കേരളത്തില്‍ അത്യുല്‍പ്പാദന ശേഷിയുള്ള ആരോഗ്യമുള്ള കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയെടുത്ത് മുട്ട ഉത്പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അതിനായി കോഴികര്‍ഷകര്‍ക്ക് ഗുണമേന്‍മയുള്ള കോഴിത്തീറ്റ ലഭ്യമാക്കുന്നതിനാണ് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് പുതിയ കോഴിത്തീറ്റ വിപണിയിലെത്തിക്കുന്നത്

കോഴിത്തീറ്റ ഉത്പ്പാദിപ്പിക്കുന്നതിന് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുവാണ് സോയാബീന്‍. കേരളത്തില്‍ സോയാബീന്‍ കൃഷി ചെയ്യുന്നില്ല. ഇന്ത്യ ഉത്പ്പാദിപ്പിക്കുന്ന സോയാബീന്‍ പുറത്തേക്ക് കയറ്റുമതി ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത് തീറ്റയുടെ വിലവര്‍ദ്ധനവിനു കാരണമായി മാറുന്നു. കൃഷി വകുപ്പുമായി സഹകരിച്ച് സോയാബീന്‍ കേരളത്തില്‍ കൃഷിചെയ്യും. കോഴിത്തീറ്റയുടെ വിലവര്‍ദ്ധനവിനാല്‍ പരിഭ്രാന്തരായ കോഴികര്‍ഷകരെ സഹായിക്കാനാണ് കിലോയ്ക്ക് നാല്‍പതുരൂപ ഉത്പ്പാദന ചെലവ് വരുന്ന അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ വിലകുറച്ച് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പശുക്കളുടെ പ്രത്യുല്‍പ്പാദന ശേഷി സംബന്ധമായ പ്രശ്നമായിരുന്നു ക്ഷീര കര്‍ഷകനായ താന്‍ നേരിട്ട വെല്ലുവിളിയെന്നും കഴിഞ്ഞ രണ്ടര വര്‍ഷമായി കേരള ഫീഡ്സ് കാലിത്തീറ്റകള്‍ ഉപയോഗിച്ചതോടെ ഇക്കാര്യത്തില്‍ നൂറു ശതമാനം വിജയം നേടാനായതായും ജയറാം പറഞ്ഞു. ചെന്നൈയില്‍ നിന്നു ചിലയിനം കോഴികളെ തന്‍റെ ആനന്ദ് ഫാമില്‍ കൊണ്ടുവന്നു വളര്‍ത്താന്‍ തുടങ്ങിയപ്പോഴും കോഴികളുടെ മുട്ടയുടെ വലുപ്പം കുറയുക, മുട്ടത്തോടിന് കട്ടികുറയുക, കോഴിയുടെ തൂവല്‍ കൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. കേരള ഫീഡ്സ് മുന്‍പേ പുറത്തിറക്കിയ അതുല്യം ലെയര്‍ കോഴിത്തീറ്റ കൊടുത്തതോടെ പൂര്‍ണ പരിഹാരം ലഭിച്ചതായും ജയറാം സാക്ഷ്യപ്പെടുത്തി. കേരളത്തിലെ കോഴികര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കാനാകുന്ന അഭിമാനകരമായ കോഴിത്തീറ്റയാണ് കേരള ഫീഡ്സിന്‍റേതെന്നും ജയറാം കൂട്ടിച്ചേര്‍ത്തു

ഈ പ്രായത്തിലെ കോഴികള്‍ക്കുള്ള തീറ്റ വിപണിയില്‍ ലഭ്യമല്ലാത്ത സാഹചര്യം കണക്കിലെടുത്തും ചെറുകിട കര്‍ഷകരെയും വീടുകളില്‍ നാടന്‍ കോഴികളടക്കം വളര്‍ത്തുന്നവരെയും ലക്ഷ്യമിട്ടാണ് തീറ്റ വിപണിയിലിറക്കുന്നതെന്ന് കേരള ഫീഡ്സ് എംഡി ഡോ.ബി ശ്രീകുമാര്‍ പറഞ്ഞു. കേരള ഫീഡ്സ് ഉത്പ്പന്നങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നിലനിര്‍ത്തി ഏറ്റവും ഗുണമേന്‍മയുള്ള കോഴിത്തീറ്റ കുറഞ്ഞ ചെലവില്‍ വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ഫീഡ്സിന്‍റെ പ്രീമിയം മുട്ടക്കോഴി തീറ്റ ബ്രാന്‍ഡായ അതുല്യത്തിനു കീഴില്‍ ലെയര്‍ കോഴിത്തീറ്റ നേരത്തേ പുറത്തിറക്കിയിരുന്നു. 20 ആഴ്ചക്ക് മുകളില്‍ പ്രായമായ മുട്ടക്കോഴികള്‍ക്കുള്ള തീറ്റയാണിത്. രണ്ടു തീറ്റകളും പൊടി രൂപത്തിലുള്ളതാണ്. വിവിധ പ്രായത്തില്‍ മുട്ടക്കോഴികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ സമന്വയിപ്പിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ് അതുല്യം കോഴിത്തീറ്റകള്‍. മുട്ടക്കോഴികള്‍ക്ക് ആവശ്യമായ മാംസ്യം, ഊര്‍ജം, കൊഴുപ്പ്, അമിനോ ആസിഡുകള്‍, ജീവകങ്ങള്‍, ധാതുക്കള്‍ എന്നിവ സമീകൃതമായ അളവില്‍ ചേര്‍ത്തിട്ടുള്ളതിനാല്‍ ശരിയായ മുട്ട ഉത്പ്പാദനവും മുട്ടയുടെ ഗുണമേന്‍മയും മുട്ടക്കോഴികളുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലും തീറ്റ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കേരള ഫീഡ്സ് ഉറപ്പാക്കിയിട്ടുണ്ട്. വിപണിയില്‍ 20 കിലോഗ്രാം വീതമുള്ള അതുല്യം ഗ്രോവര്‍ തീറ്റയുടെ വില 650 രൂപയും അതുല്യം ലെയര്‍ തീറ്റയുടെ വില 700 രൂപയുമാണ്.

കേരള ഫീഡ്സ് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ഉഷ പദ്മനാഭന്‍ നന്ദി പറഞ്ഞു. അന്‍പതിലധികം ഡീലര്‍മാരും കേരള ഫീഡ്സ് ഉദ്യോഗസ്ഥരും ഓണ്‍ലൈനായി പരിപാടിയില്‍ പങ്കുചേര്‍ന്നു.

വിശദവിവരങ്ങള്‍ക്ക് 9497009114 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Facebook Comments Box

By admin

Related Post