Tue. Apr 23rd, 2024

‘നിങ്ങള്‍ വെള്ളം എടുത്തോളൂ, പക്ഷേ..’ സ്റ്റാലിന്റെ പേജിലുമെത്തി മലയാളികള്‍

By admin Oct 25, 2021 #mullapperiyar dam
Keralanewz.com

തിരുവനന്തപുരം∙ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിനു താഴെ പ്രതിഷേധവും അഭിപ്രായങ്ങളുമായി മലയാളികള്‍. വെള്ളം എടുത്തോളൂ, ജീവന്‍ എടുക്കരുത്…, സര്‍ പ്ലീസ് സഹായിക്കണം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം, കേരളത്തെ രക്ഷിക്കണം എന്നിങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍.

സ്റ്റാലിന് ഏറെ ആരാധകരുള്ള കേരളത്തില്‍നിന്നുള്ള ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം എന്നാണ് പറയുന്നത്. തമിഴ്നാടിന് വെള്ളം തരാന്‍ മടിയില്ലെന്നും പക്ഷേ, അപകടം നിറഞ്ഞ ഡാം സുരക്ഷിതമാണെന്ന വാദം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിര്‍മിക്കുന്നതിനെ ഏതിര്‍ക്കരുതെന്നും കമന്റുകളുണ്ട്. ഇതിനോടകം വലിയ ക്യാംപെയിനാണ് മുല്ലപ്പെരിയാറിനു വേണ്ടി സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാ സാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതും ചര്‍ച്ചയാകുന്നുണ്ട്. 1895ല്‍ അണക്കെട്ട് നിര്‍മിക്കുമ്ബോള്‍ 50 വര്‍ഷത്തെ ആയുസാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടര്‍ന്ന് ഡീ കമ്മിഷന്‍ ചെയ്യാന്‍ നീക്കം നടന്നു. എന്നാല്‍, ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം ഇപ്പോഴും തുടരുകയാണ്.

ഇപ്പോഴുള്ള അണക്കെട്ട് ബലമുള്ളതാണെന്നും ജലനിരപ്പ് 142ല്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തണമെന്നുമാണ് തമിഴ്നാടിന്റെ ആവശ്യം. ജലനിരപ്പ് ഉയര്‍ത്താനായി ബേബി ഡാം ബലപ്പെടുത്താന്‍ തമിഴ്നാട് തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ കേരളം തടസം സൃഷ്ടിക്കുകയാണെന്നാണ് അവരുടെ വാദം. പുതിയ അണക്കെട്ട് വേണമെങ്കില്‍ ഇരു സംസ്ഥാനങ്ങളും യോജിച്ച്‌ മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് കോടതി നിര്‍ദേശം

Facebook Comments Box

By admin

Related Post