Sat. Apr 20th, 2024

മയക്കുമരുന്ന് കേസ്: ആര്യൻ ഖാൻ പുറത്തിറങ്ങി; ജയിൽമോചനം നാലാഴ്ചയ്ക്കു ശേഷം

By admin Oct 30, 2021 #news
Keralanewz.com

മുംബൈ: മയക്കുമരുന്ന് കേസിൽ നടൻ ഷാറൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ ജാമ്യത്തിൽ പുറത്തിറങ്ങി. ആഡംബര കപ്പലിലെ പാര്‍ട്ടിയ്ക്കിടെ മയക്കുമരുന്ന് കൈകാര്യം ചെയ്തെന്ന കേസിൽ നാര്‍ക്കോട്ടിക് കൺട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത ആര്യൻ ഖാൻ മുംബൈ ആര്‍തര്‍ റോഡ് ജയിലിൽ നിന്നാണ് മോചിതനായത്. വ്യാഴാഴ്ച ബോംബേ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് ആര്യൻ ഖാന് ജാമ്യത്തിനുള്ള വഴിയൊരുങ്ങിയത്

ആര്യൻ ഖാനു പുറമെ നടിയും മോഡലുമായ മുൻമുൻ ധമേച്ച, അർബാസ് മെർച്ചൻ്റ് എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. നടനും പിതാവുമായ ഷാറുഖ് ഖാൻ്റെ ബോഡി ഗാർഡ് രവി ആര്‍തര്‍ റോഡഡ് ജയിലിലെത്തിയാണ് ആര്യനെ കൂട്ടിക്കൊണ്ടു പോയത്. രാവില 10.40ഓടു കൂടി തന്നെ ജയിൽ അധികൃതർ ആര്യൻ ഖാൻ്റെ മോചനത്തിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയിരുന്നു. വലിയ ജനാവലിയുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ആര്യൻ ഖാൻ ആര്‍തര്‍ റോഡ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്ക് എത്തിച്ച ശേഷമാണ് സംഘം വീട്ടിലയ്ക്ക് മടങ്ങിയത്. തുടർന്ന് മുംബൈയിലെ ഷാറുഖിൻ്റെ വസതിയായ മന്നത്തിലേയ്ക്ക് ഇവര്‍ എത്തിച്ചേര്‍ന്നു. രാവിലെ മുതൽ തന്നെ നിരവധി ആരാധകരായിരുന്നു ഇവിടെ കാത്തുനിന്നിരുന്നത്.

വ്യാഴാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാൻ കഴിയാതെ വന്നതുകൊണ്ട് വെള്ളിയാഴ്ച ആര്യൻ ഖാന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ ജയിൽ അധികൃതര്‍ ജാമ്യം സംബന്ധിച്ച രേഖകള്‍ കൈപ്പറ്റിയതോടെ ജയിൽമോചനത്തിന് കളമൊരുങ്ങുകയായിരുന്നു. ഷാറുഖ് ഖാൻ നേരിട്ട് ജയിലിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് ബോഡി ഗാര്‍ഡ് മാത്രം ജയിലിലെത്തി ആര്യനുമായി മടങ്ങുകയായിരുന്നു

14 വ്യവസ്ഥകളോടെയാണ് ആര്യൻ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കാനായി കോടതി മുന്നോട്ടു വെച്ചത്. ജാമ്യനടപടികള്‍ വെള്ളിയാഴ്ച പൂര്‍ത്തിയാക്കിയെങ്കിലും വൈകിട്ട് അഞ്ചരയ്ക്ക് മുൻപ് രേഖകല്‍ ജയിലിൽ സമര്‍പ്പിക്കാൻ അധികൃതര്‍ക്ക് കഴിയാതെ വന്നതോടെ ജയിൽ മോചനം വൈകി. ഷാറൂഖ് ഖാൻ്റെ സുഹൃത്തും നടിയുമായ ജൂഹി ചൗളയായിരുന്നു ആര്യൻ ഖാന് ജാമ്യം നിന്നത്. എന്നാൽ ജാമ്യരേഖകളിൽ ചേര്‍ക്കാൻ രണ്ട് ഫോട്ടോകള്‍ എടുക്കാൻ നടി വിട്ടുപോയതാണ് നടപടികൾ വൈകാൻ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഈ മാസം രണ്ടിനാണ് ആഡംബരക്കപ്പലിൽ നടന്ന പാര്‍ട്ടിയ്ക്കിടെ ആര്യൻ ഖാനെ എൻസിബി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എട്ടാം തീയതി മുതൽ ആര്യൻ ആര്‍തര്‍ റോഡ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ഇതിനിടെ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത എൻസിബി ഉദ്യോഗസ്ഥൻ സമീര്‍ വാങ്കഡേയ്ക്കെതിരെ വലിയ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. വിഷയത്തിൽ എൻസിബി വകുപ്പുതല അന്വേഷണം നടത്തുന്നതിനിടയിലാണ് ആര്യൻ ഖാന് കോടതി ജാമ്യം അനുവദിക്കുന്നത്

Facebook Comments Box

By admin

Related Post

You Missed