Fri. Mar 29th, 2024

മിച്ചംവന്ന ടിക്കറ്റിന് 80 ലക്ഷം ഒന്നാംസമ്മാനം

By admin Nov 6, 2021 #news
Keralanewz.com

തിരുവഞ്ചൂർ ;കോട്ടയം വിൽക്കാനാകാതെ പോയ അഞ്ച് ലോട്ടറി ടിക്കറ്റിൽ ഒന്ന് സജിമോനെ സന്തോഷിപ്പിച്ചു. ദീപാവലിദിനം കിട്ടിയതാകട്ടെ കാരുണ്യപ്ലസിന്റെ 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനവും നാലു ടിക്കറ്റിന് 8,000 രൂപവീതം പ്രോത്സാഹന സമ്മാനവും.

നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടിവന്നപ്പോൾ തിരുവഞ്ചൂർ കുര്യനാട്ട് വീട്ടിൽ കെ.ജെ.സജിമോൻ കട്ടൻസ് യൂണിയൻ പണി ഉപേക്ഷിച്ചെത്തിയതാണ് ലോട്ടറി വിൽപ്പനയിൽ. ചികിത്സ തുടങ്ങിയതോടെ കടക്കാരനുമായി. എട്ടുവർഷമായി ദിവസവും രാവിലെ ഏഴിന് സൈക്കിളിൽ ലോട്ടറിയുമായി പുറപ്പെടും. കിലോമീറ്ററുകൾ എത്ര പിന്നിടേണ്ടിവന്നാലും ലോട്ടറി തീരുന്നതാണ് കണക്ക്.

ദീപാവലി ദിവസം ലോട്ടറി വിറ്റുതീർക്കാൻ പരമാവധി ശ്രമിച്ചു. ആർക്കും വേണ്ടാതെ വന്നപ്പോൾ സജിമോന്റെ ഭാഷയിൽ അഞ്ചെണ്ണം ‘മീതിയായി’. കാരാപ്പുഴ ശ്രീകാന്ത് വേണുഗോപാലൻ നായരുടെ ശ്രീഭദ്രാ ലോട്ടറി മൊത്തക്കച്ചവടക്കടയിൽനിന്ന് ഭാഗ്യമാല ലോട്ടറിക്കടയിലേക്കും അവിടെ നിന്ന് സജിമോനും ടിക്കറ്റ് വിൽപ്പനയ്ക്കെടുക്കുകയായിരുന്നു.

“സാമ്പത്തിക പരാധീനതമൂലം 20 വർഷം മുൻപ് പണിത വീട്ടിൽ അടുപ്പിടാൻ പോലും കഴിഞ്ഞിട്ടില്ല. വീടിനോട് ചേർന്ന് പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടിയാണ് പാചകം. കിണർ കുഴിക്കണം. വീട് നന്നാക്കണം.

മക്കളെ സഹായിക്കണം” സജിമോൻ പറഞ്ഞു. ലീലാമ്മയാണ് ഭാര്യ. സ്നേഹ, സുജേഷ് എന്നിവർ മക്കൾ. സമ്മാനം ലഭിച്ച ടിക്കറ്റ് എസ്.ബി.ഐ. തിരുവഞ്ചൂർ ശാഖയിൽ ഏൽപ്പിച്ചു.

Facebook Comments Box

By admin

Related Post