Fri. Apr 19th, 2024

സഹകരണ മേഖലയില്‍ കൈവെച്ച്‌ ആര്‍.ബി.ഐ; വോട്ടവകാശം ഇല്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്ക്; കേരളത്തിലെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000-ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും

By admin Nov 23, 2021 #co operative sector
Keralanewz.com

ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണ മേഖലയെ തകര്‍ത്തെറിയും വിധത്തിലുള്ള നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്.

രാജ്യത്തെ ഇനി മുതല്‍ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന് ആര്‍.ബി.ഐ ഉത്തരവിട്ടു. പൊതുജനങ്ങള്‍ ഇതിനെതിരെ ജാഗ്രത പുലര്‍ത്തുകയും വേണമെന്നും കേന്ദ്രബാങ്ക് നിര്‍ദേശിച്ചു.

1949ലെ ബാങ്കിങ് റെഗുലേഷന്‍ നിയമത്തിലെ 2020ലെ ഭേദഗതി പ്രകാരം സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്ന പദങ്ങള്‍ ഉപയോഗിക്കാന്‍ അവകാശമില്ല. ചില സഹകരണ സംഘങ്ങള്‍ ഈ പദങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ബാങ്കിങ് റെഗുലേഷന്‍ നിയമനത്തിന്റെ ലംഘനമാണെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു.

ഇത് കൂടാതെ കേരളത്തിലെ അടക്കം പ്രാഥമിക സഹകരണ സംഘങ്ങളെ നേരിട്ടു ബാധിക്കുന്ന മറ്റൊരു സുപ്രധാന നിര്‍ദേശവും ആര്‍ബിഐ കൊണ്ടു വന്നിട്ടുണ്ട്. മെംബര്‍മാരല്ലാത്തവരില്‍ നിന്നും നോമിനല്‍, അസോസിയേറ്റ് മെംബര്‍മാരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും നിയമവിരുദ്ധമാണെന്നും ആര്‍.ബി.ഐ അറിയിച്ചു. സഹകരണ സൊസൈറ്റികളിലെ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ നല്‍കുന്ന ഇന്‍ഷൂറന്‍സ് ലഭ്യമാവുകയില്ലെന്നും ആര്‍.ബി.ഐ പറയുന്നു.

കേരളത്തിലെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഭൂരിപക്ഷം അംഗങ്ങളും നോമിനല്‍, അസോസിയേറ്റ് അംഗങ്ങളാണ്. 1000 കോടിക്കു മുകളില്‍ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകളിലടക്കം ആയിരത്തില്‍ താഴെ അംഗങ്ങള്‍ക്കേ വോട്ടവകാശമുള്ളൂ. കേരളത്തിലെ സഹകരണ നിയമം അനുസരിച്ച്‌ നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെയും അംഗങ്ങളായി തന്നെയാണ് നിര്‍വചിച്ചിട്ടുള്ളത്. വോട്ടവകാശം അടക്കമുള്ള ചിലതില്‍ മാത്രമാണ് നിയന്ത്രണമുള്ളത്. ഇത് സംഘത്തിന്റെ നിലനില്‍പ്പിന് അനിവാര്യവുമാണ്. ഉദാഹരണത്തിന്, ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ രൂപവത്കരിക്കുന്ന എംപ്ലോയീസ് സഹകരണ സംഘത്തില്‍ ജീവനക്കാര്‍ മാത്രമായിരിക്കും അംഗങ്ങള്‍. വിരമിച്ചാല്‍ അവരെ അസോസിയേറ്റ് അംഗങ്ങളായി ഉള്‍പ്പെടുത്തുകയാണ് ചെയ്യുക.

വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതി് വിലക്കേര്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000-ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. 2020 സെപ്റ്റംബര്‍ 29-ന് ഈ നിയമം നിലവില്‍വന്നെങ്കിലും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സഹകരണം സംസ്ഥാന വിഷയമായതിനാല്‍ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ സഹകരണ സംഘങ്ങളുടെ അംഗങ്ങളെക്കുറിച്ച്‌ നിര്‍വചനമില്ല. ഇത് നിലനില്‍ക്കേയാണ് നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെ സഹകരണ സംഘങ്ങളുടെ അംഗങ്ങളായി പരിഗണിക്കാനാവില്ലെന്ന ഉത്തരവിറക്കുന്നത്. സഹകരണ മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതിനാല്‍, ഈ ഉത്തരവ് നടപ്പാക്കുന്നതിനെതിരേ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കാനാണ് സാധ്യത.

Facebook Comments Box

By admin

Related Post