Sat. Apr 20th, 2024

മുല്ലപ്പെരിയാറിലെ 7 ഷട്ടറുകള്‍ തുറന്നു..ആളയാറിലെ 11 ഷട്ടറുകളും..ജാഗ്രത നിര്‍ദ്ദേശം

By admin Nov 24, 2021 #mullapperiyar #rainfall
Keralanewz.com

ഇടുക്കി; മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ജലനിരപ്പ് 141.4 അടിയായതോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. നിലവില്‍ ഏഴ് ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്.

30 സെന്‍റീമീറ്റര്‍ വീതം തുറന്നിരിക്കുന്ന 7 ഷട്ടറില്‍ മൂന്ന് എണ്ണം 60 സെന്റുി മീറ്റര്‍ വീതം ഉയര്‍ത്തി ആകെ 3949.10 ഘനയടി ജലം സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കിവിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതിനിടെ പാലക്കാട് മഴ ശക്തമായതോടെ ആളിയാര്‍ ഡാമിലെ 11 ഷട്ടറുകളും രാത്രി ഒമ്ബതോടെ തുറന്നതായി പറമ്ബിക്കുളം -ആളിയാര്‍ സബ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഷട്ടറുകള്‍ 12 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 4025 ക്യൂസെക്സ് ജലമാണ് തുറന്ന് വിട്ടത്. ആളിയാര്‍ പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ നദിയിലൂടെയുള്ള നീരൊഴുക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട പുഴയോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

അതിനിടെ കേരളത്തില്‍ അടുത്ത 5 ദിവസം മഴ തുടരാനാണ് സാധ്യത.

നവംബര്‍ 25-27 ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച അലര്‍ട്ട് ഇങ്ങനെ

25-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി.

26-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്.

27-11-2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Facebook Comments Box

By admin

Related Post