നെറുകയില്‍ ഒരുമ്മ നല്‍കി.. പിന്നീട് തിരിഞ്ഞു നോക്കാതെ കണ്ണീരോടെ ആ അമ്മ നടന്നു : വൈകാരിക രംഗങ്ങള്‍ വിവരിച്ച്‌ ഉദ്യോഗസ്ഥന്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: ‘സംസാരിക്കുമ്ബോഴൊക്കെയും കുട്ടിയെ മാറത്ത് അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു അവര്‍.

ഒന്നുമറിയാതെ അവനും ഉറങ്ങി. കുഞ്ഞിനെ കൊണ്ടുപോകുന്നതറിഞ്ഞ അമ്മ ഇടയ്ക്കിടെ കരയുന്നുണ്ടായിരുന്നു. അപ്പോള്‍ ആ ശബ്ദം കേട്ട് അവന്‍ ഉണരും. അപ്പോഴെല്ലാം അവര്‍ ഉമ്മ നല്‍കി കൊഞ്ചിക്കും. ഓരോ മിനിറ്റും ഓരോ ദിവസങ്ങള്‍ പോലെയായിരുന്നു.. കണ്ടുനില്‍ക്കാന്‍ പറ്റില്ലായിരുന്നു ആ സങ്കടം. കുഞ്ഞിനെ കൊണ്ടുപോകാതിരിക്കാന്‍ പറ്റുമോയെന്ന് എത്രതവണ ചോദിച്ചെന്നറിയില്ല.’

ദത്തു വിവാദത്തിലകപ്പെട്ട കുഞ്ഞിനെ തിരികെയെത്തിക്കാനായി ആന്ധ്രയില്‍ എത്തിയ ഉദ്യോഗസ്ഥന്‍ ഒരു ചാനലിനോട് വെളിപ്പെടുത്തിയതാണ് ഇത്. കണ്ണീരോടെ അല്ലാതെ അത് വായിച്ചു തീര്‍ക്കാനാവില്ല. ‘ഹൈദരാബാദില്‍ നിന്ന് വിജയവാഡയിലേക്കുള്ള യാത്രയില്‍ മനസ്സില്‍ ആശങ്കയായിരുന്നു. എന്തു പറഞ്ഞാണ് കുട്ടിയെ ദത്തെടുത്തവരെ സമീപിക്കുക!വൈകുന്നേരം അവിടുത്തെ ശിശുക്ഷേമസമിതിയുടെ ഓഫീസിലെത്തി. അവര്‍ക്ക് നേരത്തേ വിവരം നല്‍കിയിരുന്നു. അകത്ത് കയറിയപ്പോഴേ ഞങ്ങള്‍ കണ്ടു, കേരളം മുഴുവന്‍ അന്വേഷിക്കുന്ന കുട്ടിയുമായി വളര്‍ത്തച്ഛനും അമ്മയും. ഞങ്ങളെ കണ്ടപ്പോഴേ അമ്മ വാവിട്ട് കരഞ്ഞു.’

‘എങ്കിലും നന്നായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു.കുട്ടിയെ അഞ്ച് ദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്ന ശിശുക്ഷേമ സമിതിയുടെ ഉത്തരവ് കാണിച്ചു. വിവാദങ്ങള്‍ അവര്‍ അറിഞ്ഞിരുന്നു. കുട്ടിക്കുവേണ്ടി നഗരത്തിലേക്ക് വീടുമാറിയെന്നും അവന് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നും അധ്യാപക ദമ്ബതിമാര്‍ പറഞ്ഞു. ‘വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയതാണ് ഈ പൊന്നുമോനെ. ഇവന്‍ വന്നതിനുശേഷം ഞങ്ങളുടെ ജീവിതം എത്രമാറിയെന്നറിയുമോ…’ കുട്ടിയെ വിട്ടുതരണമെന്നും അവര്‍ കരഞ്ഞപേക്ഷിച്ചു.

ഒടുവില്‍, ഡി.എന്‍.എ. പരിശോധനയ്ക്കുമാത്രമായാണ് കുഞ്ഞിനെ കൊണ്ടുപോകുന്നതെന്നവരെ ബോധ്യപ്പെടുത്തി. ഇടയ്ക്ക്, സോഷ്യല്‍ വര്‍ക്കറായ വിനീതയും കുഞ്ഞിനെ ലാളിക്കാന്‍ ശ്രമിച്ചു. അതിനും അവര്‍ അനുവദിച്ചു. ഒടുവില്‍ എങ്ങനെയോ കുട്ടിയെ കൈമാറാന്‍ ദമ്ബതിമാര്‍ സമ്മതിച്ചു. എങ്ങനെയായാലും കുട്ടിയെ കൈമാറേണ്ടി വരുമെന്ന് അവര്‍ക്കറിയാമായിരുന്നെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. കുട്ടിക്ക് രാത്രി കൊടുക്കാനുള്ള പാലും വസ്ത്രവും കളിപ്പാട്ടങ്ങളും കുട്ടിയുടെ രോഗവിവരങ്ങളടങ്ങിയ റെക്കോഡും ബാഗില്‍ നിന്നെടുത്ത് നല്‍കി.

പിന്നെ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഭര്‍ത്താവിന്റെ കൈപിടിച്ച്‌ ചേര്‍ത്തുനിര്‍ത്തി അവസാനമായി നെറുകയില്‍ അവനൊരുമ്മ നല്‍കി, ആ അമ്മ തിരികെ നടന്നു. ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുമ്ബോള്‍ ഞങ്ങള്‍ക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു. ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റി. ആരാണ് തെറ്റു ചെയ്തതെന്ന് ഞങ്ങള്‍ക്കറിയില്ല.. ഉദ്യോഗസ്ഥന്‍ പറഞ്ഞു നിര്‍ത്തി.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •