Thu. Apr 25th, 2024

തൃക്കാക്കര നഗരസഭയിലെ തമ്മിലടി; രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്‌റ്റില്‍, സംഘര്‍ഷത്തില്‍ പങ്കുള‌ള ചിലര്‍ മുങ്ങിയെന്ന് വിവരം

Keralanewz.com

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ കഴിഞ്ഞദിവസം കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ തമ്മിലടിയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്‌റ്റില്‍.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ സി.സി വിജുവിനെയും സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറിയും കൗണ്‍സിലറുമായ എം.ജെ ഡിക്‌സണെയുമാണ് അറസ്‌റ്റ് ചെയ്‌തത്. ഇതില്‍ സി.സി വിജുവിനെ ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

സംഭവത്തില്‍ പങ്കുള‌ള മ‌റ്റ് ചില കൗണ്‍സിലര്‍മാരുടെ വീട്ടില്‍ പൊലീസെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. അറസ്‌റ്റ് ഭയന്ന് ഇവര്‍ മുങ്ങിയതായാണ് വിവരം. ഓണക്കാലത്ത് തൃക്കാക്കര നഗരസഭയിലുണ്ടായ പണക്കിഴി വിവാദത്തില്‍ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പനെതിരെ പ്രതിപക്ഷം ശക്തമായ സമരം നടത്തുകയായിരുന്നു. സംഭവത്തില്‍ അജിതയെ പാര്‍ട്ടി പിന്തുണയ്‌ക്കുകയും ചെയ്‌തിരുന്നു. നഗരസഭാദ്ധ്യക്ഷയുടെ മുറിയില്‍ പൂട്ട് നന്നാക്കാന്‍ ചെലവായ തുക പൂട്ട് കുത്തിപ്പൊളിച്ചവരില്‍ നിന്നും ഈടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധമാണ് തര്‍ക്കത്തിലേക്കും തമ്മിലടിയിലേക്കുമെത്തിയത്.

പ്രതിപക്ഷ ആവശ്യത്തിനൊപ്പം ഭരണപക്ഷമായ യുഡിഎഫിലെ മുസ്ളീംലീഗിലെ കൗണ്‍സിലര്‍മാരും കൂടി ചേര്‍ന്നതോടെ നഗരസഭാദ്ധ്യക്ഷ അജിതാ തങ്കപ്പനെ തടയാന്‍ ശ്രമിക്കുകയും ഇതിനിടെ വനിതാ കൗണ്‍സിലറുടെ വസ്‌ത്രം കീറുകയും ചെയ്‌തു. സ്‌ത്രിത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചതുള്‍പ്പടെ കൗണ്‍സിലര്‍മാര്‍ പരാതി നല്‍കി. ഇതോടെയാണ് അറസ്‌റ്റുണ്ടായത്. കൂടുതല്‍ പേര്‍ അറസ്‌റ്രിലാകുമെന്നാണ് സൂചന. സ്ഥലത്ത് പൊലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. നഗരസഭാദ്ധ്യക്ഷ അജിതാ തങ്കപ്പനുള്‍പ്പടെ കൗണ്‍സിലര്‍മാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു.

Facebook Comments Box

By admin

Related Post