Thu. Apr 18th, 2024

വിദേശത്ത് പോയ പ്രതിക്ക് പകരം ആള്‍മാറാട്ടം; കോടതിയെ കബളിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് 2000 രൂപ പിഴയും കോടതി പിരിയും വരെ തടവും

By admin Dec 4, 2021 #crime
Keralanewz.com

തൊടുപുഴ: വിദേശത്ത് പോയ മൂന്നാം പ്രതിക്ക് പകരം ആള്‍മാറാട്ടം നടത്തി കോടതിയെ കബളിപ്പിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് 2000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു.

കോട്ടയം തൃപ്പാക്കല്‍ അഭിജിത്ത് കുമാര്‍, കല്ലൂര്‍ക്കാട് താന്നിക്കാപ്പാറയില്‍ ടി.എസ്. വിഷ്ണു, മുട്ടം വടശ്ശേരിയില്‍ ആല്‍ബിന്‍ ജോസ്, കണ്ണൂര്‍ കുറ്റിയേത്ത് നിഖില്‍, പുത്തന്‍പുരയ്ക്കല്‍ മണിയമ്മ, തുടങ്ങനാട് കുളത്തിങ്കല്‍ ഫ്രാന്‍സിസ് എന്നിവര്‍ക്കാണ് മുട്ടം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്.

അടിപിടിക്കേസില്‍ പ്രതിയായ മുനീഷ് കോടതി വാറന്റ് മറികടന്ന് വിദേശത്തു പോയിരുന്നു. മുനീഷിന് പകരം മറ്റൊരാള്‍ കോടതിയില്‍ ഹാജരായ സംഭവത്തിലാണ് 4 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ഇവര്‍ക്കു ജാമ്യം നിന്ന മുട്ടം സ്വദേശികള്‍ക്കെതിരെയും കേസെടുത്തത്. മുട്ടം എന്‍ജിനീയറിങ് കോളജില്‍ 2016ല്‍ നടന്ന എസ്‌എഫ്‌ഐ- എബിവിപി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് സംഭവം.

എസ്‌എഫ്‌ഐക്കാരായ അഭിജിത്ത് കുമാര്‍, ടിഎസ്. വിഷ്ണു, മുനീഷ്, ആല്‍ബിന്‍ ജോസ് എന്നിവര്‍ പ്രതികളായിരുന്നു. കോടതി സമന്‍സ് അയച്ചെങ്കിലും ഇവര്‍ ആ കോടതിയില്‍ ഹാജരായില്ല. ഇതോടെ വാറന്റ് പുറപ്പെടുവിച്ചു. പിന്നീട് നാല് പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. ഇതിനിടെ 3-ാം പ്രതി മുനീഷ് കോടതി നടപടി പൂര്‍ത്തീകരിക്കാതെ വിദേശത്തേക്ക് കടന്നു. ഈ സമയത്ത് വിദേശത്തായിരുന്ന മുനീഷിനു പകരം നിഖിലാണ് കോടതിയില്‍ ഹാജരായത്. ഇയാള്‍ മുനീഷിന്റെ തിരിച്ചറിയല്‍ കാര്‍ഡും കരുതിയിരുന്നു. ഈ സംഭവമാണ് കേസിനു കാരണം.

ഇതേസമയം കോടതിയില്‍ ഹാജരായിരുന്ന മുട്ടം പൊലീസും ആള്‍മാറാട്ടം അറിഞ്ഞില്ല. പിന്നീട് ഇക്കാര്യം മനസ്സിലാക്കിയ കോടതി 4 പ്രതികളെയും കോടതിയില്‍ ജാമ്യം നിന്ന മുട്ടം പുത്തന്‍പുരയ്ക്കല്‍ മണിയമ്മ, തുടങ്ങനാട് കുളത്തിങ്കല്‍ ഫ്രാന്‍സിസ് എന്നിവരെയും അടിയന്തരമായി അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു. ആള്‍മാറാട്ടം നടത്തിയ കേസില്‍ മുനീഷ് പ്രതിയല്ല. ആള്‍മാറാട്ടം,വഞ്ചന, ചതി എന്നിവയുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്.

Facebook Comments Box

By admin

Related Post