Thu. Apr 25th, 2024

ദേഹമാസകലം വ്രണം വന്ന വീട്ടമ്മയ്ക്ക് നല്‍കിയത് മന്ത്രവാദ ചികിത്സ; രോഗത്തിന് കുറവുണ്ടാവാതെ വന്നപ്പോഴും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറാകാതെ ഭര്‍ത്താവ്; ഒടുവില്‍ സംഭവിച്ചത് ദാരുണാന്ത്യം; പരാതി നല്‍കി കുടുംബം

By admin Dec 8, 2021 #black magic
Keralanewz.com

നാദാപുരം: മന്ത്രവാദ ചികിത്സയ്‌ക്കൊടുവില്‍ മരിച്ച വീട്ടമ്മയുടെ മരണത്തില്‍ പരാതിയുമായി ബന്ധുക്കള്‍. രോഗത്തിന് ചികിത്സ നല്‍കുന്നതിന് പകരം മന്ത്രവാദത്തിലൂടെ മാറ്റാമെന്ന നിലപാടാണ് ഈ വീട്ടമ്മയുടെ ജീവന്‍ കവര്‍ന്നത്.

ഇതേ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവിനെതിരെ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കല്ലാച്ചി ചട്ടീന്റവിട ജമാലിന്റെ ഭാര്യ നൂര്‍ജഹാന്‍ (43) ആണു മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ദേഹമാസകലം വ്രണം വന്ന നൂര്‍ജഹാനെ ഭര്‍ത്താവ് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിലേക്കു കൊണ്ടുപോവുകയായിരുന്നു. മതിയായ ചികിത്സ നല്‍കാതെയാണു മരണമെന്നാരോപിച്ചു ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ദേഹത്തു വ്രണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആറ്മാസം മുന്‍പ് നൂര്‍ജഹാനെ മന്ത്രവാദ ചികിത്സയ്ക്കു വിധേയയാക്കിയിരുന്നു. അന്നു വിവരം അറിഞ്ഞെത്തിയ ഇവരുടെ ബന്ധുക്കള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്നു രോഗം ഭേദമായെങ്കിലും തുടര്‍ചികിത്സ നല്‍കാതെ വീണ്ടും ഭര്‍ത്താവ് ഇവരെ മന്ത്രവാദ ചികിത്സയിലേക്കു മാറ്റുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.

മന്ത്രവാദത്തില്‍ രോഗത്തിന് കുറവുണ്ടാവാതെ വന്നപ്പോഴും നൂര്‍ജഹാനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ഭര്‍ത്താവ് തയ്യാറായില്ല. രോഗം ഗുരുതരമായതിനെ തുടര്‍ന്നു 6ന് ആലുവയിലെ ചികിത്സാ കേന്ദ്രത്തിലേക്കു കൊണ്ടു പോവുകയും ഇന്നലെ പുലര്‍ച്ചെ മരിക്കുകയുമായിരുന്നു. വളയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. കുനിങ്ങാട് പൊയില്‍ പീടികയില്‍ മൂസയുടെയും കുഞ്ഞയിശയുടെയും മകളാണ്. മക്കള്‍: ബഷീര്‍, ജലീന, മാഹിറ, സാദിഖ്, പരേതനായ ഹിദായത്തുള്ള. മരുമകന്‍: റിഷാദ്. സഹോദരങ്ങള്‍: ഷാജഹാന്‍, ജുവൈരിയ , ഫര്‍സാന, ജംഷീറ.

Facebook Comments Box

By admin

Related Post