Mon. Apr 29th, 2024

‘അക്കൗണ്ട് മരവിപ്പിച്ചാലും സുരേഷ് ഗോപി ജയിക്കില്ല’; പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കാൻ ധെെര്യമുണ്ടോയെന്ന് മോദിയോട് മുഖ്യമന്ത്രി

By admin Apr 16, 2024
Keralanewz.com

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിലെ സഹകരണ മേഖലയോട് ബിജെപിയ്ക്ക് അതിന്റേതായ ഒരു നിലപാടുണ്ടെന്നും അത് കേരളത്തെ തകർക്കുകയെന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. തൃശൂർ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടമെടുപ്പ് പരിധിയില്‍ തിരിച്ചടിയുണ്ടായെന്ന പ്രധാനമന്ത്രിയുടെ പരാമർശം തെറ്റാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.

‘കടുത്ത വിദ്വേഷ സമീപനമാണ് ബിജെപി കേരളത്തോട് കാണിക്കുന്നത്. കഴിഞ്ഞ നോട്ട് നിരോധന കാലത്ത് കേരളത്തിലെ സഹകരണ മേഖലയെ വേട്ടയാടാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ അന്ന് കൃത്യമായി കേരള സർക്കാർ സഹകരണ മേഖലയോട് ഒപ്പം നിന്നു. കേരളത്തിലെ സഹകരണ മേഖലയുടെ പ്രത്യേകത ജനങ്ങളുടെ വിശ്വാസം നേടിയ ഒന്നാണ് എന്നതാണ്. അതിനാലാണ് ഓരോ സഹകരണ ബാങ്കിലും കോടികളുടെ ഇടപാട് നടക്കുന്നത്. ഇതേ വരെയുള്ള അനുഭവങ്ങളില്‍ നല്ല രീതിയിലാണ് സഹകരണ മേഖല മുന്നോട്ട് പോയത്. പക്ഷേ നമ്മുക്ക് അറിയാം മനുഷ്യരാണ് എല്ലാതിനും നേതൃത്വം നല്‍കുന്നത്.

ചിലരുടെ വഴിതെറ്റിയ നിലപാടാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇവർക്ക് ഒരു വിട്ടുവീഴ്ചയും നല്‍കില്ല. കടുത്ത നടപടിയാണ് ഇത്തരക്കാർക്ക് എതിരെ വകുപ്പും സർക്കാരും എടുക്കുന്നത്. ഒരു സംഭവം നടന്നതിനെത്തുടർന്ന് എല്ലാ സഹകരണ മേഖലയും അങ്ങനെയാണെന്ന് പറയാൻ കഴിയില്ല. കുറ്റം ചെയ്തവർക്ക് ശിക്ഷ നല്‍കും. കരുവന്നൂരിന്റെ കാര്യത്തിലും ഇതേ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. കരുവന്നൂരിലെ നിക്ഷേപകർക്ക് ഏകദേശം 117 കോടി രൂപ തിരിച്ച്‌ നല്‍കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ബാങ്ക് ഇപ്പോള്‍ കൃത്യമായ ഇടപാട് നടത്തുന്നുണ്ട്. അഴിമതി നടത്തിയവരെ സഹായിക്കില്ല’, മുഖ്യമന്ത്രി വ്യക്തമാക്കി.

സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചത് സുരേഷ് ഗോപിക്ക് രക്ഷയായിയെന്ന് ബിജെപി കരുതും. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രവർത്തനം സിപിഎം നടത്തുന്നത് ജനങ്ങള്‍ നല്‍കുന്ന സംഭാവന ഉപയോഗിച്ചാണ്. അത് തടയാൻ ആർക്കും കഴിയില്ല. തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചാല്‍ അത് സുരേഷ് ഗോപിയെ രക്ഷിക്കാൻ ആണെങ്കില്‍ അത് നടക്കില്ല. തങ്ങളുടെ പ്രവർത്തനം കൂടുതല്‍ സജീവമായി തന്നെ ഇവിടെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരേഷ് ഗോപി തൃശൂരില്‍ ജയിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

‘കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രകടന പത്രിക പുറത്തുവന്നിരുന്നു. വർഗ്ഗീയ അജണ്ടയാണ് അതില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രധാനമന്ത്രി കേരളത്തില്‍ വന്നു പറഞ്ഞത് ‘പ്രോഗ്രസ് റിപ്പോർട്ടിനെ’ കുറിച്ചാണ്. എന്നാല്‍ 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച്‌ ജനങ്ങളെ അഭിമുഖീകരിക്കാൻ ബിജെപിക്ക് ധൈര്യമില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് എന്നിവ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് പ്രധാന വാഗ്ദാനങ്ങള്‍. കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പുകളിലെ വാഗ്ദാനങ്ങള്‍ അതേപടി അവശേഷിക്കുമ്ബോള്‍, രാമക്ഷേത്രവും സിഎഎയും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമെല്ലാമാണ് നേട്ടമായി ബിജെപി എടുത്തു കാട്ടുന്നത്. വികസിത ഇന്ത്യയുടെ നാല് ശക്തമായ തൂണുകളായ യുവാക്കള്‍, സ്ത്രീകള്‍, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം എന്ന് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം പ്രധാനമന്ത്രി അവകാശപ്പെട്ടു. പത്തു കൊല്ലം കൊണ്ട് എന്ത് ശാക്തീകരണമാണ് ഉണ്ടായത് എന്ന് കൂടി പറയേണ്ടേ?

സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത താങ്ങുവില, സംഭരണത്തിന്റെ ഗ്യാരണ്ടി, കർഷക ആത്മഹത്യ, വായ്പ എഴുതിത്തള്ളല്‍ എന്നിവയെക്കുറിച്ച്‌ പൂർണമൗനം പാലിച്ചു എങ്ങനെ കർഷകരെ ശാക്തീകരിക്കും? 2014 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കർഷകർക്കും കർഷക തൊഴിലാളികള്‍ക്കും കടാശ്വാസം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഒരു രൂപ പോലും മോദി സർക്കാർ ഇന്നുവരെ കടാശ്വാസം നല്‍കിയില്ല.

കൃഷിക്കുള്ള വിഹിതം നിരന്തരമായി വെട്ടിക്കുറയ്ക്കുന്നു. കർഷകർക്കുള്ള എല്ലാ പ്രധാന പദ്ധതികളുടെയും ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. സംഭരണം, വിള ഇൻഷുറൻസ്, ഭക്ഷ്യ വളം സബ്സിഡികള്‍, തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്കുള്ള വിഹിതവും വെട്ടിക്കുറച്ചു. ഇതെങ്ങനെ ശാക്തീകരണം ആകും? 2019 ല്‍ പറഞ്ഞത് “2022 ഓടെ ഓരോ ഇന്ത്യക്കാരനും ഒരു വീട്” എന്നാണ്. ആ വാഗ്ദാനത്തിന്റെ ഗതി എന്തായി എന്ന് പറയേണ്ടേ? 2024 ലെ മാനിഫെസ്റ്റോയില്‍ ഇതേ കുറിച്ച്‌ പരിപൂർണ മൗനമാണ്’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Facebook Comments Box

By admin

Related Post