Mon. Apr 29th, 2024

ഫോണ്‍ വിളി ശല്യമായി; 10 മിനിറ്റിൽ പ്രതിയെ പൊക്കി പോലീസ്; നന്ദിപറഞ്ഞ് ടിനി ടോം

By admin Jan 25, 2022 #news
Keralanewz.com

കൊച്ചി: മൂന്ന് മാസത്തിലേറെയായി തന്നെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പോലീസ് പിടികൂടിയെന്ന് നടൻ ടിനിടോം. സൈബർ സെല്ലിൻ്റെ ഓഫിസിലിരുന്ന് ലൈവിലെത്തിയാണ് അദ്ദേഹം പോലീസിന് നന്ദി പറഞ്ഞ് വീഡിയോ പങ്കിട്ടത്. പരാതി നൽകി പത്തുമിനിറ്റിനുള്ളിൽ യുവാവിനെ പിടിച്ചെന്നും അദ്ദേഹം പറയുന്നു.

വിളികള്‍ അസഹ്യമായപ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് പല പല നമ്പറുകളില്‍ നിന്ന് മാറി മാറി ഇയാള്‍ ടിനിടോമിനെ വിളിച്ച് അനാവശ്യങ്ങള്‍ പറഞ്ഞ് പ്രകോപിപ്പിക്കാന്‍ തുടങ്ങി. ഫോണ്‍ ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ടിനിടോമിനെ പ്രകോപിപ്പിച്ച്‌ മറുപടി പറയിക്കുകയായിരുന്നു യുവാവിൻ്റെ ലക്ഷ്യം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിൻ്റെ നേതൃത്വത്തില്‍ സൈബര്‍ സ്റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു

അന്വേഷണത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശിയാണ് യുവാവെന്ന് പോലീസ് കണ്ടെത്തി. 

പോലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ഇയാള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ശ്രമകരമായി യുവാവിനെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പരാതിക്കാരനും സ്റ്റേഷനിലെത്തി. യുവാവിൻ്റെ  മാനസീകാവസ്ഥ മനസിലാക്കിയ ടിനി പരാതി പിന്‍വലിച്ചു. മേലില്‍ ആരോടും ഇങ്ങനെ ചെയ്യരുതെന്ന് സ്‌നേഹത്തോടെ ഉപദേശവും നല്‍കി. എസ്എച്ച്ഒ എം ബി  ലത്തീഫ്, എസ്ഐമാരായ സി കൃഷ്ണകുമാര്‍, എം ജെ ഷാജി, എസ് സി പി ഒ മാരായ വികാസ് മണി, നിമ്‌ന മരയ്ക്കാര്‍ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

‘മാസങ്ങളായി ഷിയാസ് എന്ന പേര് പറഞ്ഞ് പരിചയപ്പെടുത്തിയ യുവാവ് തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയാണ്. ആ നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ അവൻ അടുത്ത നമ്പറിൽ നിന്നും വിളിക്കും. ഞാൻ തിരിച്ച് പറയുന്നത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുക എന്നതാണ് ഇവൻ്റെ ലക്ഷ്യം. ഒരുതരത്തിലും രക്ഷയില്ലെന്ന് കണ്ടതോടെയാണ് സൈബർ സെല്ലിൽ പരാതി നൽകാൻ എത്തിയത്. പത്തുമിനിറ്റിനുള്ളിൽ അവനെ കണ്ടെത്തി. ഒരു ചെറിയ പയ്യനാണ്. അവൻ്റെ ഭാവിയെ ഓർത്ത് ഞാൻ കേസ് പിൻവലിച്ചു. ചെറിയ മാനസിക പ്രശ്നമുള്ളയാളാണ് അതെന്ന് അറിയാൻ കഴിഞ്ഞു. ബാഹ്യമായ ഇടപെടൽ ഇല്ലെങ്കിൽ മികച്ച സേനയാണ് നമ്മുടെ പോലീസ്. എല്ലാവർക്കും നന്ദി. ഉപദ്രവിക്കാതിരിക്കൂ..’ ടിനി ടോം പറയുന്നു

Facebook Comments Box

By admin

Related Post