Wed. May 15th, 2024

കണ്ണൂരില്‍ യുഡിഎഫ് നിയമസഭാമണ്ഡലങ്ങളില്‍ പോളിങ് കുറഞ്ഞു, കൂട്ടിയും കിഴിച്ചും മുന്നണികള്‍

By admin Apr 29, 2024 #congress #CPIM
Keralanewz.com

കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ പോളിങ് കുറഞ്ഞത് മുന്നണി നേതൃത്വങ്ങളെ ആശങ്കയിലാക്കുന്നു. കണ്ണൂരിലെ യുഡിഎഫ് സ്വാധീന മേഖലകളില്‍ ഗണ്യമായ രീതിയിലാണ് പോളിങ്ങ് ശതമാനം ഇടിഞ്ഞത്.
യുഡിഎഫ് എംഎല്‍എമാരുള്ള ഇരിക്കൂറിലും പേരാവൂരിലുമാണ് കണ്ണൂരില്‍ ഏറ്റവും കുറഞ്ഞ പോളിങ്ങ് രേഖപ്പെടുത്തിയത്. മലയോര മേഖലയിലെ പരമ്ബരാഗത വോട്ടുകള്‍ ചോര്‍ന്നുവെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

അന്തിമ കണക്കുകളില്‍ 77.21 % മാണ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ പോളിങ്ങ്. കണ്ണൂര്‍ ലോക് സഭ മണ്ഡലത്തില്‍പ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ഏറ്റവും കുറവ് പോളിങ്ങ് ഇരിക്കൂറും പേരാവൂരും.രണ്ടും യുഡിഎഫ് സ്വാധീന മേഖലകള്‍. ഇരിക്കൂറില്‍ 72.51 ശതമാനവും പേരാവൂരില്‍ 74.57 ശതമാനവുമാണ് പോളിങ്ങ്. അതേസമയം ഇടത് കേന്ദ്രങ്ങളായ ധര്‍മടത്തും തളിപ്പറമ്ബിലുമാണ് കണ്ണൂരിലെ ഉയര്‍ന്ന പോളിങ്ങ്.

രണ്ടിടത്തും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്. പരമ്ബരാഗത കോണ്‍ഗ്രസ് വോട്ട് ബാങ്കുള്ള ഇരിക്കൂറും പേരാവൂരും പോളിങ്ങ് ശതമാനം കുറഞ്ഞ ആശങ്കയിലാണ് യുഡിഎഫ്. പരമ്ബരാഗത വോട്ടുകള്‍ ലഭിച്ചില്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍. പ്രചാരണസമയത്തും മലയോര മേഖലയില്‍ യുഡിഎഫിന് ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. .

വന്യമൃഗ ആക്രമണം, റബ്ബര്‍ വിലയിടിവ് തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ കാര്യക്ഷമമായി ഇടപെടാത്തതും സുധാകരനോടുള്ള അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു. എന്നാല്‍ നവാഗത വോട്ടര്‍മാര്‍ പോളിങ്ങ് ബൂത്തുകളിലേക്ക് എത്താത്തത് മൂന്ന് മുന്നണികളെയും ബാധിച്ചിട്ടുണ്ടെന്നാണ് യുഡിഎഫ് നേതൃത്വം നല്‍കുന്ന വിശദീകരണം. തളിപറമ്ബ്, അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ അധികമായി പോള്‍ ചെയ്തിട്ടുണ്ടെന്നും ഇതു തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം.

എന്തുതന്നെയായാലും വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി രഘുനാഥ് കോണ്‍ഗ്രസ് പാളയത്തില്‍ കയറിവോട്ടു കരസ്ഥമാക്കിയാല്‍ തങ്ങള്‍ക്ക് വിജയമുറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്. എന്നാല്‍ ബി.ജെ.പിക്ക് വോട്ടുവര്‍ധനവുണ്ടാകില്ലെന്നും തങ്ങളുടെ കോട്ടകള്‍ ഭദ്രമാണെന്നുമാണ് യുഡിഎഫ് പറയുന്നത്.

Facebook Comments Box

By admin

Related Post