രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതി
തിരുവനന്തപുരം:നിയമസഭയില്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം.
പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാള്‍ക്ക് ഒപ്പം പോയത് തെറ്റായ സന്ദേശം നല്‍കിയെന്നാണ് പരാതി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കു പരാതി നല്‍കും. ഷജീറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടും.
നേമം ഷജീറിന് ഒപ്പമാണ് രാഹുല്‍ ഇന്നലെ നിയമസഭയിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുലിനെ അനുഗമിച്ചത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. ഇതോടെ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് രാഹുല്‍ നിയമസഭയിലേക്ക് എത്തിയത് എന്ന വ്യാഖ്യാനമുണ്ടായി. ഷജീറിനെതിരെ നടപടിക്ക് പാര്‍ട്ടി തയ്യാറാകുമോയെന്ന കാര്യം വ്യക്തമല്ല. ഇതു സംബന്ധിച്ച ചോദ്യത്തിനു ഉത്തരം നല്‍കാൻ ഇന്നലെ കെപിസിസി അധ്യക്ഷനും തയ്യാറായിരുന്നില്ല.