കളി15 ഓവര്‍ മാത്രമാണ് കണ്ടത്; ഇതാണോ ഇന്ത്യാ-പാക് മത്സരം? പരിഹാസവുമായി ഗാംഗുലി
കൊൽക്കൊത്ത:ഇന്ത്യ-പാക്കിസ്ഥാൻ മത്സരം പഴയത് പോലെയല്ല എന്ന് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി.ഇപ്പോഴത്തെ പാക്കിസ്ഥാൻ ടീമിനേക്കാള്‍ ഏറെ ക്വാളിറ്റിയുള്ളതാണ് ഇന്ത്യൻ ടീം എന്ന് പറഞ്ഞാണ് ഇന്ത്യാ-പാക് പോരിന്റെ ആവേശം നഷ്ടപ്പെട്ടതായി ഗാംഗുലി പറയുന്നത്.
ഏഷ്യാ കപ്പ് ഗ്രൂപ്പ് എയിലെ പോരില്‍ പാക്കിസ്ഥാനെ ഇന്ത്യ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് ഗാംഗുലിയുടെ വാക്കുകള്‍.
“പാക്കിസ്ഥാൻ ഇന്ത്യൻ ടീമിന് പറ്റിയ എതിരാളിയല്ലാതായിരിക്കുന്നു. ഞാൻ അവരോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെയാണ് പറയുന്നത്. പക്ഷേ ആ ടീം നോക്കൂ, ഒരു ക്വാളിറ്റിയില്ലാത്ത ടീമാണ് ഇപ്പോഴത്തെ പാക്കിസ്ഥാന്റേത്. ഇന്ത്യൻ ടീം കോഹ്ലിയും രോഹിത്തും ഇല്ലാതെയാണ് കളിച്ചത്,” വാർത്താ ഏജൻസിയായ പിടിഐയോട് ഗാംഗുലി പറഞ്ഞു.
“ക്രിക്കറ്റില്‍ ഇന്ത്യ ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുന്നു. പാക്കിസ്ഥാൻ ആയാലും മറ്റേതൊരു ഏഷ്യൻ ടീമായാലും ഇന്ത്യയാണ് മികച്ച് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം കണ്ടപ്പോള്‍ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. ആദ്യ 15 ഓവർ കഴിഞ്ഞതിന് പിന്നാലെ ഞാൻ ഇന്ത്യ-പാക് മത്സരം കാണുന്നത് മാറ്റി. മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരം ആണ് ഞാൻ കണ്ടത്. കാരണം ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തില്‍ ഒരു ആവേശവും ഇല്ല.”
പാക്കിസ്ഥാനെ കുറിച്ച് ചിന്തിക്കുമ്ബോള്‍ വസീം അക്രം, വഖാർ യൂനിസ്, സയീദ് അൻവർ, ജാവേദ് മിയാൻദാദ് എന്നിവരെയാണ് നമുക്ക് ഓർമ വരുന്നത്. ഈ പാക്കിസ്ഥാന് പൊരുതാൻ പോലുമാകില്ല. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ കളിക്കുമ്ബോള്‍ ഞാനത് കാണും. ഇന്ത്യ-പാക്കിസ്ഥാൻ എന്നത് ഒരു മത്സരമായി എനിക്ക് തോന്നുന്നില്ല. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം എന്നത് ഇപ്പോള്‍ വണ്‍വേ ട്രാഫിക് ആയിരിക്കുന്നു,”ഗാംഗുലി പറഞ്ഞു