രാഹുൽ നിയമസഭയിലെത്തിയതില്‍ അതൃപ്തി; രാഹുലിനെ പാടെ തളളി കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ സഭയില്‍ നിന്ന് മടങ്ങിയത് ഒരു കുറിപ്പുകിട്ടിയതിനു പിന്നാലെയെന്ന് സൂചന
തിരുവനന്തപുരം: ലൈംഗീകാരോപണ വിവാദങ്ങള്‍ക്കിടെ നിയമസഭയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂർണമായും തള്ളിപറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍.
നിയമസഭയില്‍ പങ്കെടുക്കാൻ രാഹുല്‍ ഇതിന്നതിനെ പ്രതിപക്ഷനേതാവ് വിലക്കിയിരുന്നു. എന്നാല്‍ ഇതിനെ അവഗണിച്ച് നിയമസഭയിലെത്തിയ രാഹുലിനെതിരെ അതൃപ്തി പരസ്യമാക്കി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.
രാഹുല്‍ സഭയില്‍ എത്തിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് കെ മുരളീധരൻ പറഞ്ഞത്. രാഹുല്‍ സഭയില്‍ പങ്കെടുത്തത് പാർട്ടിക്ക് അന്വേഷിക്കേണ്ട കാര്യം ഇല്ലെന്നും രാഹുല്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യട്ടെ എന്നുമാണ് അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാടിനെ ധിക്കരിച്ചുള്ള രാഹുലിന്റെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചര്‍ച്ച ചെയ്യുമെന്നാണ് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞത്.
രാഹുല്‍ പാർലമെൻ്റ് പാർട്ടിയിലെ അംഗമല്ല. അതുകൊണ്ട് തന്നെ രാഹുല്‍ സഭയില്‍ എത്തിയ കാര്യത്തെക്കുറിച്ച് പറയാൻ കോണ്‍ഗ്രസ് ബാധ്യസ്ഥരല്ലെന്നും പിന്നെ എന്തിന് മറുപടി പറയണം. എന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുലിനെ അനുഗമിച്ചത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നേമം ഷജീറിനും സന്തതസഹചാരി റിനോ പി രാജനുമൊപ്പമാണ് രാഹുല്‍ നിയമസഭയില്‍ എത്തിയത്.